Power Cut : സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ( Power Cut ). നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി ( Electricity ) നിയന്ത്രണം ഉണ്ടായിരിക്കില്ല.

കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്.

ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രണം കൂടുതല്‍ സമയത്തിലേക്ക് നീട്ടേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.

നഗരപ്രദേശങ്ങളേയും ആശുപത്രിയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള വൈദ്യുത നിയന്ത്രണമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തരസാഹചര്യം പരിഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തില്‍ ഉത്പാദനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here