Salim Ghouse : പ്രശസ്‌ത നടന്‍,താഴ്‌വാരത്തിലെ വില്ലന്‍ സലിം മുഹമ്മദ് ഘൗസ് അന്തരിച്ചു

താഴ്‌വാരത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടന്‍ സലിം ഘൗസ് അന്തരിച്ചു.

പ്രശസ്‌ത നടന്‍ സലിം മുഹമ്മദ് ഘൗസ് ( Salim Ghouse) (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.തലേ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാടകത്തിലും സിനിമയിലും  തന്നെ അടയാളപ്പെടുത്തിയാണ് സലീം ഘൗസ് ഓർമയാവുന്നത്. നാടകം തന്നെയായിരുന്നു മുഖ്യം. മുംബൈയിലെ പൃഥ്വി തിയേറ്ററിലെ മുഖ്യസാന്നിധ്യമായിരുന്നു അദ്ദേഹം. പുതു നാടകങ്ങൾ കാണാനും തന്നെ പുതുക്കിപ്പണിയാനും അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. ഭാര്യ അനിതാ സലീമും കുട്ടികളുടെ നാടകരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

1989-ല്‍ പ്രതാപ് പോത്തന്‍  സംവിധാനം ചെയ്‌ത വെട്രിവിഴ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി ആദ്യമായി വെള്ളിത്തിരയില്‍ എത്തി. 1990-ല്‍ ഭരതന്‍ സംവിധാനം ചെയ്‌ത താഴ്വാരത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി മികച്ച പ്രകടനം കാഴ്‌ചവെച്ചു.

1952ല്‍ ചെന്നൈയിലാണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. 1987-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു.’ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു.ചിന്ന ഗൗണ്ടര്‍, തിരുടാ തിരുട തുടങ്ങിയ തമിഴ് സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് നായകനായ വേട്ടൈക്കാരന്‍ എന്ന ചിത്രത്തിലെ വേദനായഗം എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം തമിഴ് പ്രേക്ഷകരെ ആകര്‍ഷിച്ചു.

കൊയ്ല, സാരന്‍ഷ്, മുജ്രിം, ശപത്, സൈനികന്‍, അക്‌സ്, ഇന്ത്യന്‍ എന്നിവയുള്‍പ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നിരവധി ടിവി ഷോകളിലും സലിം ഘൗസ് സജീവ സാന്നിധ്യമായിരുന്നു.

1997-ല്‍ കൊയ്‌ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു.  മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സലിം ഘൗസ് അഭിനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News