Honey Trap : കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ്; പ്രതികള്‍ അറസ്റ്റില്‍

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ് ( Honey Trap). സ്വകാര്യ സ്ഥാപനത്തിലെ മാനേജരില്‍ നിന്നും തട്ടിയെടുത്തത്  അരക്കോടിയോളം രൂപ. കൊട്ടാരക്കര സ്വദേശികളായ പ്രതികളെ മരട് പോലീസ് അറസ്റ്റ്  ( Arrest ) ചെയ്തു. മരട് സ്വദേശിയായ 48കാരനാണ് കബളിപ്പിക്കപ്പെട്ടത്.

കൊട്ടാരക്കര സ്വദേശികളും സഹോദരന്‍മാരുമായ ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണ് മരട് സ്വദേശിയില്‍ നിന്നും 46 ലക്ഷത്തി 48,806 രൂപ തട്ടിയെടുത്തത്. സ്ത്രീകളെന്ന വ്യാജേന ബ്ലാക്ക്മെയില്‍ ചെയ്താണ് ഇരുവരും ചേര്‍ന്ന് പണം തട്ടിയെടുത്തത്.

സ്ത്രീകളുടെ പേരില്‍ ഫെയ്സ് ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയ പ്രതികള്‍ മരട് സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചു.പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങിച്ചെടുത്ത് ചാറ്റിംഗ് തുടങ്ങി.ഫോണിലുണ്ടായിരുന്ന പ്രത്യേക ആപ്ലിക്കേഷന്‍റെ സഹായത്തോടെ സ്ത്രീകളുടെ ശബ്ദത്തില്‍ നിരന്തരം വോയ്സ് മെസേജുകളും അയച്ചിരുന്നു.

സ്ത്രീകളുടെ മുഖം വ്യക്തമാകാത്ത തരത്തിലുള്ള ഫോട്ടോകള്‍ അയച്ചുകൊടുത്ത് വശീകരിച്ച ശേഷം പരാതിക്കാരന്‍റെ നഗ്ന ഫോട്ടോകള്‍ പ്രതികള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി.ഇതിനു ശേഷമാണ് പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ തുടങ്ങിയത്.

ഫോട്ടൊ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മരട് സ്വദേശിയില്‍ നിന്ന് പല തവണയായി 46 ലക്ഷത്തോളം രൂപ പ്രതികള്‍ കൈക്കലാക്കുകയായിരുന്നു.

മരട് പോലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്ന്  ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് കൊച്ചി ഡി സി പി വി യു കുര്യാക്കോസ് പറഞ്ഞു. ACP  Y നിസാമുദ്ദീന്‍റെയും മരട് സി ഐ ജോസഫ് സാജന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളായ ഹരികൃഷ്ണനും ഗിരികൃഷ്ണനുമെതിരെ വിവിധ ജില്ലകളിലെ സ്റ്റേഷനുകളില്‍ വഞ്ചനാ കേസുകള്‍ നിലവിലുണ്ട്.ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News