India: രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിൽ; കൽക്കരി ക്ഷാമം രൂക്ഷം

കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കല്‍ക്കരിക്ഷാമം( coal shortage) രൂക്ഷമായതോടെ രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിൽ. താപവൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ കാശ്‌മീർ മുതൽ ആന്ധ്രപ്രദേശ്‌ വരെയുള്ള സംസ്ഥാനങ്ങൾ രണ്ടുമുതല്‍ എട്ടുമണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തി. ഫാക്ടറികള്‍ പ്രവര്‍ത്തനം നിർത്തി.

രാജ്യത്ത് 62.3 കോടി യൂണിറ്റ് വൈദ്യുതി കുറവ്. എല്ലാ താപനിലയവും കല്‍ക്കരിക്ഷാമം നേരിടുന്നുവെന്ന് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്‌സ്‌ ഫെഡറേഷന്‍ (എഐപിഇഎഫ്) വെളിപ്പെടുത്തി. 147 നിലയത്തില്‍ അവശേഷിക്കുന്നത് 1.41 കോടി ടണ്‍ കല്‍ക്കരിമാത്രം.

ഊര്‍ജസുരക്ഷ ഉറപ്പാക്കാന്‍ ഇവിടങ്ങളില്‍ 5.7 കോടി ടണ്‍ കല്‍ക്കരി ശേഖരം വേണമെന്നാണ് മാനദണ്ഡം. ഖനികളില്‍നിന്ന്‌ കല്‍ക്കരി നിലയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംസ്ഥാനങ്ങള്‍ വിദേശത്തുനിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

ഉത്തര്‍പ്രദേശില്‍ മൂവായിരം മെഗാവാട്ടിന്റെ കുറവ്

ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും വൈദ്യുതി പരമാവധി നാലുമണിക്കൂര്‍ മാത്രം.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഏഴുമണിക്കൂര്‍വരെ പവര്‍കട്ട്. ഗ്രാമീണമേഖലയില്‍ വൈദ്യുതി കിട്ടാനില്ല.

റംസാന്‍ മാസത്തില്‍ കശ്മീര്‍താഴ്വര ഇരുട്ടിലായത് ജനരോഷമുയര്‍ത്തി. 1600 മെഗാവാട്ട് വേണ്ടപ്പോള്‍ കിട്ടുന്നത് 900 മാത്രം.

ആന്ധ്രപ്രദേശില്‍ പ്രതിദിനം അഞ്ചുകോടി യൂണിറ്റിന്റെ കുറവുണ്ട്‌. വ്യവസായ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

പഞ്ചാബില്‍ കൃഷിക്ക് വൈദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ പ്രക്ഷോഭത്തിൽ

300 മെഗാവാട്ട് വരെ പ്രതിദിന കുറവ് നേരിടുന്ന ബിഹാറില്‍ ഗ്രാമ–-നഗര വ്യത്യാസമില്ലാതെ പവര്‍കട്ട് തുടരുന്നു.

ഹരിയാനയിലും ഉത്തരാഖണ്ഡിലും മണിക്കൂറുകളോളം പവര്‍കട്ട്.

അപ്രഖ്യാപിത പവര്‍കട്ടില്‍ തമിഴ്‌നാട്ടിലെ വ്യവസ്ഥായ സ്ഥാപനങ്ങൾ സ്തംഭിച്ചു.

മൂവായിരം മെഗാവാട്ട് കുറവ് നേരിടുന്ന മഹാരാഷ്ട്രയില്‍ ആഴ്ചകളായി പവര്‍കട്ട് തുടരുന്നു.

മധ്യപ്രദേശ്, ത്രിപുര, ഗോവ എന്നിവിടങ്ങളിലും വൈദ്യുതി പ്രതിസന്ധി തുടരുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

കേന്ദ്ര പൂളിൽനിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതിനെത്തുടർന്ന്‌ സംസ്ഥാനത്ത് വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ 15 മിനുട്ട്‌ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ലോഡ്ഷെഡിങ് ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അഭ്യർഥിച്ചു.

വിഹിതത്തിൽ 400 മുതൽ 500 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കുറഞ്ഞത്‌. ഈ സാഹചര്യത്തിലാണ്‌ ഉയർന്ന ഉപയോഗസമയത്ത് ക്രമീകരണം ഏർപ്പെടുത്തിയത്.

ഇത്‌ വെള്ളിയും തുടരും. ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെയും നഗരപ്രദേശങ്ങളെയും നിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കി. രണ്ട്‌ ദിവസത്തിനുള്ളിൽ സാധാരണ നിലയിലാകുമെന്ന്‌ കെഎസ്‌ഇബി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here