Santosh Trophy: സന്തോഷ് ട്രോഫി: കേരളത്തിന്റെ ഫൈനൽ എതിരാളിയെ ഇന്നറിയാം

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന്റെ ഫൈനൽ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ പശ്ചിമ ബംഗാൾ മണിപ്പൂരിനെ നേരിടും. രാത്രി 8:30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ചരിത്രമുള്ള ടീമാണ് പശ്ചിമ ബംഗാൾ. 45 തവണ ഫൈനലിലെത്തിയ ബംഗാൾ 32 തവണ കിരീടത്തിൽ മുത്തമിട്ടു. എ ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായി സെമിയിലിടം നേടിയ വംഗനാട്ടുകാർക്ക് ഇന്ന് എതിരാളി വടക്കുകിഴക്കൻ ശക്തികളായ മണിപ്പൂരാണ്. കളിയുടെ ഗതിക്കനുസരിച്ച് ശൈലി മാറ്റാൻ കെൽപുള്ള താരങ്ങളാണ് ബംഗാളിന്റെ ശക്തി. കേരളത്തിനെതിരെ പ്രതിരോധം കടുപ്പിച്ച ബംഗാൾ രാജസ്ഥാനും മേഘാലയയ്ക്കുമെതിരെ പുറത്തെടുത്തത് ഒഴുക്കുള്ള ആക്രമണാത്മക ഫുട്ബോളാണ്. ഫർദീൻ അലി മൊല്ലയാണ് ടീമിലെ പ്ലേമേക്കർ.

ശ്രീകുമാർ കർജെ, സുജിത് സിങ്, തൻമോയ് ഘോഷ്, ശുഭം ഭൗമിക്ക് , ദിലീപ് ഒർവാൻ, ഗോളി പ്രിയന്ത്കുമാർ എന്നിവരും മികച്ച കളിയാണ് കാഴ്ചവെക്കുന്നത്. രഞ്ജൻ ഭട്ടാചാര്യയാണ് ടീമിന്റെ മുഖ്യ പരിശീലകൻ.ടീമിന് തന്ത്രങ്ങൾ മെനയാൻ മാനേജ്മെൻറിന്റെ ക്ഷണം സ്വീകരിച്ച് വിഖ്യാത പരിശീലകൻ ടി.കെ ചാത്തുണ്ണിയും ഒപ്പം ഉണ്ട്.

അതേസമയം ബി ഗ്രൂപ്പ് ജേതാക്കളായാണ് മണിപ്പൂരിന്റെ സെമി പ്രവേശം. വേഗവും പന്തടക്കവുമാണ് ഗിഫ്റ്റ് റെയ്ഖാൻ പരിശീലകനായ ടീമിന്റെ പ്ലസ് പോയിൻറ്. സുധീർ ലൈതോൻജമാണ് ടീമിലെ പ്ലേമേക്കർ. ലുൻമിൻലെൻ ഹോകിപിന്റെയും സോമിഷോൺ ഷിറകിന്റെയും ഗോളടി മികവും വടക്കു കിഴക്കൻ ടീമിന് തുണയാകും.

ഗോള്‍ കീപ്പര്‍ ടെനി സിംഗിന്റെ വിസ്മയ സേവുകളും അരുണ്‍കുമാര്‍ സിംഗും റോമന്‍ സിംഗും ചുക്കാൻ പിടിക്കുന്ന പ്രതിരോധവും മണിപ്പൂരിന്റെ കരുത്ത് തെളിയിക്കുന്നതാണ്. നിലവിലെ ചാമ്പ്യന്മാരായ സർവ്വീസസിനെ ഗോൾ മഴയിൽ മുക്കിയ മണിപ്പൂർ ബംഗാളിനെതിരെയും ലക്ഷ്യമിടുന്നത് ആക്രമണാത്മക ഫുട്ബോളാണ്. ഒരേ ഒരു തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട ചരിത്രമുള്ള ടീമിന്റെ മോഹം രണ്ടാം കിരീടമാണ്. ഏതായാലും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം ഒരുങ്ങുന്നത് ദേശീയ ഫുടബോളിലെ പ്രബലർ തമ്മിലുള്ള വീറുറ്റ പോരാട്ടത്തിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here