Salim Ghouse:മലയാളികളുടെ ഓർമകളുടെ താഴ് വാരത്തിൽ മായാതെ സലിം ഘൗസ്

മനോഹരമായ മഞ്ഞുമൂടിയ താഴ്‌വാരം.താഴ്വാരത്തിൽ താമസിക്കുന്ന ഒരച്ഛന്റെയും മകളുടെയും അടുത്തേയ്‌ക്കെത്തുന്ന രണ്ട് പേർ.അവരെ ബന്ധിപ്പിക്കുന്ന ചതിയുടെ ഭൂതകാലം.ആ ഭൂതകാലത്തെ നമുക്ക് മുൻപിൽ അവതരിപ്പിച്ച മോഹൻലാൽ(MOHANLAL) എന്ന നടനും സലിം ഘൗസ്(Salim Ghouse) എന്ന നടനും.പ്രതികാരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ചിലപ്പോഴെങ്കിലും നായക നടനെക്കാൾ മനസ്സിൽ പതിഞ്ഞത് വില്ലനായിരുന്ന രാഘവനെ ആയിരിക്കും. ഭ്രാന്ത് പിടിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പകയുടെ രണ്ടു രൂപങ്ങൾ.ദയില്ലാത്ത ഭൂമിയിലെ കിരാതർ എന്ന് വിശേഷിപ്പിക്കപ്പെട്ട രണ്ടു കഥാപാത്രങ്ങൾ.മലയാളിക്ക് പരിചിതമായ മോഹൻലാൽ എന്ന നടനൊപ്പം അഭിനയിച്ച മലയാളിക്ക് അപരിചിതനായ നടൻ.എന്നാൽ ഈ ഒറ്റ കഥാപാത്രത്തിലൂടെ മലയാളികൾ മറക്കാത്ത രാഘവൻ എന്ന രാജു.ഭരതന്റെയും എം ടിയുടെയും താഴ്‌വാരം സുന്ദരമാക്കിയ രാജുവിനെ ആവാഹിച്ച നടൻ സലിം ഘൗസ്.

പ്രിയപ്പെട്ട സലിം ഘൗസിന് വിട. മലയാളികൾക്ക് മറക്കാനാവാത്ത താഴ്‌വാരത്തിലെ രാഘവൻ ഉൾപ്പെടെ, പല ഭാഷകളിലായി ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരനെയാണ് നമുക്ക് നഷ്ടമായത്. ആദരാഞ്ജലികൾ എന്നാണ് മോഹൻലാൽ കുറിച്ചത്.

മലയാള സിനിമയിൽ മികച്ച വില്ലൻ വേഷങ്ങളിൽ ഒന്ന് ഏതെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം ‘താഴ്‌വാരത്തിലെ രാഘവൻ’ (രാജു) എന്നായിരിക്കും .മുംബൈയിലെ പൃഥ്വി തിയേറ്ററിലെ മുഖ്യസാന്നിധ്യമായിരുന്നു സലിം ഘൗസ്. ഭാര്യ അനിതാ സലീമും കുട്ടികളുടെ നാടകരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.ഫിനീക്‌സ് പ്ലയേഴ്‌സ് എന്ന നാടകക്കമ്പനിയായിരുന്നു സലീം ഘൗസിന്റെ നാടകസംഘം. 25 വർഷം പൂർത്തിയായ ഈ നാടകസംഘം ശ്രദ്ധേയമായ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.

ഹിന്ദിയിൽ സിനിമകളേക്കാൾ കൂടുതൽ അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത് ടെലിവിഷൻ പരമ്പരകളാണ്. യേ ജോ ഹെ സിന്ദഗി, സുഭാഹ്, എക്സ് സോൺ, സംവിധാൻ, കൂടാതെ ശ്യാംബെനഗലിന്റെ ഭാരത് ഏക് ഖോജ് എന്ന ടെലിവിഷൻ പരമ്പരയും ഇക്കൂട്ടത്തിൽ പെടും. ഭാരത് ഏക് ഖോജ് പരമ്പരയിൽ രാമനെയും കൃഷ്ണനെയും ടിപ്പു സുൽത്താനെയുമൊക്കെ അദ്ദേഹം അവതരിപ്പിച്ചു. ടിപ്പുസുൽത്താനാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ഹോളിവുഡ് ചിത്രം ദ ലയൺ കിംഗിൽ സ്‌കാർ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും അദ്ദേഹമായിരുന്നു.

ഭദ്രൻ സംവിധാനം ചെയ്ത ഉടയോന്‍ എന്ന സിനിമയിലും വേഷമിട്ടു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി തിളങ്ങി. നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടയാൾ കൂടിയായിരുന്നു സലിം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here