ഹരിദാസൻ വധക്കേസ്; RSS പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി

ഹരിദാസൻ വധക്കേസിൽ ആർ എസ് എസ് പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജാമ്യമില്ല.ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി.മൂന്നാം പ്രതി എം സുനേഷിന് ജാമ്യം ലഭിച്ചു.

അതേസമയം, ഹരിദാസൻ വധക്കേസിലെ ഒന്നാം പ്രതിയും മഞ്ഞോടി വാർഡ്‌ കൗൺസിലറുമായ കെ ലിജേഷ് നൽകിയ അവധി അപേക്ഷ നഗരസഭാ കൗൺസിൽ തള്ളി. മാർച്ച് മുതൽ മൂന്ന് മാസത്തേക്ക് ലീവ് അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്‌ മുഖേനയുള്ള അപേക്ഷ മാർച്ച് 30നാണ് നഗരസഭ ഓഫീസിൽ ലഭിച്ചത്.

കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്ക്‌ കത്ത്‌ എത്തിയപ്പോൾ ബഹുഭൂരിപക്ഷം അംഗങ്ങളും എതിർത്തു. മത്സ്യത്തൊഴിലാളിയും കുടുംബത്തിന്റെ അത്താണിയുമായ ഹരിദാസനെ ഭാര്യയുടെ കൺമുന്നിൽ അരുംകൊലചെയ്‌ത കേസിലാണ്‌ ലിജേഷ്‌ റിമാൻഡിലായതെന്ന്‌ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഇങ്ങനെയൊരാളുടെ അവധി അപേക്ഷ പരിഗണിക്കരുത്‌. അവധി അനുവദിക്കണമെന്ന്‌ ബിജെപി അംഗങ്ങൾ വാദിച്ചെങ്കിലും നിർദേശം കൗൺസിൽ തള്ളി.

ലീവ് അനുവദിക്കാൻ ന്യായമായ കാരണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ അപേക്ഷ അംഗീകരിക്കാൻ സാധിക്കില്ലന്ന്‌ ചെയർമാൻ കെ എം ജമുനറാണിയും പറഞ്ഞു. കൗൺസിൽ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി. ഫെബ്രുവരി 21ന്‌ പുലർച്ചെയാണ്‌ വീട്ടുമുറ്റത്ത്‌വെച്ച്‌ ആർഎസ്‌എസ്‌ – ബിജെപിക്കാർ ഹരിദാസനെ വെട്ടിക്കൊന്നത്‌. 22 മുതൽ ലിജേഷ്‌ റിമാൻഡിലാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here