KGF: അമ്മയുടെ വാക്കുകൾ എന്നെ എൽഡോറാഡോ വരെ എത്തിച്ചു; സിനിമയോളം വൈകാരികമായ സംഗീത യാത്ര…..

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് കെജിഎഫ് ചാപ്റ്റർ2 9KGF chapter2). ആദ്യ ഭാഗം ഇറങ്ങിയ ശേഷം തന്നെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സിനിമയെ നെഞ്ചിലേറ്റിയ പോലെതന്നെ പ്രേക്ഷകർ കെജിഎഫിലെ പാട്ടുകളും ആസ്വദിക്കുകയും ഏറ്റെടുത്തു. ചിത്രത്തിലെ രണ്ടു പാട്ടുകൾ പാടി ശ്രദ്ധേയനായ ശ്രുതികാന്ത്(sruthikanth) മനസുതുറക്കുന്നു….

വരവ് മ്യൂസിക് കുടുംബത്തിൽ നിന്ന്

കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. വളരെ ചെറുപ്പം തൊട്ടേ സംഗീതത്തോട് അടുത്ത ബന്ധമുണ്ടായി. അമ്മയാണ് ഗുരു. അമ്മ കർണാടിക് മ്യുസീഷ്യനാണ്. ഒരു മ്യൂസിക് ഫാമിലി. അമ്മയിൽ നിന്നും ഇപ്പോഴും പഠിക്കുന്നു. സഹോദരൻ സംഗീത്, അമ്മ തുളസി ഭായ്, അച്ഛൻ എ കെ മണി. എല്ലാവരും മ്യുസീഷ്യൻമാരാണ്. ചെറുപ്പം മുതലേ അമ്മയും അച്ഛനും പറയുന്നത് പട്ടിണി കിടന്ന് മരിച്ചാലും സാരമില്ല സംഗീതത്തിന്റെ ഭാഗമായി നിന്നുകൊണ്ട് എന്തും നേടിയാൽ മതിയെന്നാണ്, അതാണ് തന്നെ കെജിഎഫ് വരെ എത്തിച്ചതെന്ന് ശ്രുതികാന്ത് പറയുന്നു.

രവി ബസ്രൂർ; അത്രയും സിംപിൾ ആയ ഒരു മനുഷ്യൻ

കെജിഎഫിന്റെ മ്യൂസിക് ഡയറക്ടർ രവി ബസ്രൂറിനെ എനിക്ക് വലിയ ഇഷ്ടമാണ്. കെജിഎഫ് 1 മുതലേ അദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ടാരുന്നു. ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുന്ന ആളാണ്. ഞാനൊരു മ്യൂസിക് ഡയറക്ടർ കൂടി ആയതുകൊണ്ട് തന്നെ അദ്ദേഹം എനിക്കൊരു പ്രചോദനവുമായിരുന്നു. ഒരു ബഹുമാനം, ഭക്തി ഒക്കെ എനിക്കദ്ദേഹത്തോടുണ്ടായിരുന്നു. ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തെ നേരിട്ടൊന്നു കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു.

കർണാടകയിലെ ബസ്രൂറിലാണ് അദ്ദേഹത്തിന്റെ സ്റ്റുഡിയോയും വീടും ഉള്ളത് മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനു പോകാറുണ്ട്. അങ്ങനെയാണ് അവിടേക്ക് ചെന്നത്. എന്നാൽ അന്നത്തെ ദിവസം അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. തീർച്ചയായും അടുത്ത ദിവസം വരണമെന്നും കാണാനുള്ള സൗകര്യം ഒരുക്കിത്തരാമെന്നും സ്റ്റുഡിയോയിൽ നിന്നും പറഞ്ഞു. അപ്പോഴും ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. കെജിഎഫിൽ പാടാൻ പറ്റുമെന്നൊന്നും എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്ന കാര്യമല്ല.

പിറ്റേ ദിവസം അദ്ദേഹത്തെ കാണാം എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പോയത്. ഞാൻ രവി സാറിനെ കണ്ടു. എനിക്കൽപ്പം പോലും കാത്തു നിൽക്കേണ്ടി വന്നില്ല. അത്രയും സിംപിൾ ആയ ഒരു മനുഷ്യൻ. അദ്ദേഹം എന്റടുത്തേക്ക് വന്നു. ഒരു മണിക്കൂറോളം സംസാരിച്ചു. എന്റെ ബാക്ക്ഗ്രൗണ്ട് എല്ലാം പറഞ്ഞു. അപ്പോൾ അദ്ദേഹമെന്നോട് ഒരു ചോദ്യം ചോദിച്ചു.’ വർക്കിന്‌ വിളിച്ചാൽ വരുമോ? എന്റെ സന്തോഷം അണപൊട്ടി ഒഴുകിയ നിമിഷമായിരുന്നു അത്. എന്റെ സംഗീതം അങ്ങേയ്ക്ക് ആവശ്യമുണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും തീർച്ചയായും വരുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു.

കെജിഎഫ് ചാപ്റ്റർ2 അപ്രതീക്ഷിതം; സന്തോഷം, അഭിമാനം…

എന്റെ നമ്പർ അദ്ദേഹം സ്റ്റുഡിയോ ബുക്കിലെഴുതി. അപ്പോഴും അദ്ദേഹമെന്നെ വിളിക്കുമെന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. ഒരു നമ്പർ വാങ്ങിയെന്നു കരുത്തി അവരെ വിളിക്കണമെന്നില്ലല്ലോ എന്നൊക്കെ ഞാൻ കരുതി. മൂകാംബികയിൽ പോയി ദർശനം കഴിഞ്ഞു ഞാൻ തിരികെ റൂമിലെത്തി. അപ്പോഴെനിക്ക് ഒരു കോൾ വന്നു. അത് രവി ബസ്രൂർ ആയിരുന്നു. ‘തീർച്ചയായും സാറെന്റെ സ്റ്റുഡിയോയിലേക്ക് വരണം, വോയിസ് ടെസ്റ്റ് ചെയ്യണം’ അദ്ദേഹം പറഞ്ഞു.

നല്ലപോലെ പ്രാക്ടീസ് ചെയ്തു പോയി. കെ ജി എഫ് ഫസ്റ്റിലെ ‘ധീര ധീര’ ഗാനം എന്നോട് മലയാളം വേർഷൻ പാടാൻ പറഞ്ഞു. അത് എന്റെ മാക്സിമം എഫേർട്ട് എടുത്തു തന്നെ പാടി. അപ്പോഴദ്ദേഹം പറഞ്ഞു, ‘സാറിന്റെ വോയിസ് എനിക്കിഷ്ടമായി, നിങ്ങളെന്റെ സിനിമയിൽ പാടിയിരിക്കും’. അതൊരു ഉറപ്പായിരുന്നു. അവിടെ എനിക്ക് ഒരു എക്സ്‌പെക്ടേഷൻ കിട്ടി. പക്ഷെ ഏത് സിനിമ ആണെന്നോ, ഏത് പാട്ടാണെന്നോ എന്നൊന്നും എനിക്കറിയില്ലാരുന്നു. ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ഇതേതു ചിത്രമാണെന്ന് അദ്ദേഹത്തോട് ചോദിച്ചു.

‘കെജിഎഫ് ചാപ്റ്റർ 2 ‘എന്നദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്നദേഹത്തോട് ചോദിച്ചു. അദ്ദേഹം എന്നെ വന്നു കെട്ടിപ്പിടിച്ചു. എവിടെയൊക്കെ നിങ്ങൾ താഴ്ന്നുപോയിട്ടുണ്ടോ അവിടെയൊക്കെ കെജിഎഫിലെ പാട്ട് പുറത്തുവരുമ്പോൾ നിങ്ങൾ ഉയർന്നുവരുമെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. ഇതാണ് ഞാൻ കെജിഎഫിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം. ഒരുപാട് ഗായകരെ പരിചയപ്പെടാനായി.

വിളിച്ചത് ഒരു പാട്ട് പാടാൻ; കിട്ടിയത് രണ്ടെണ്ണം…

ഒരു പാട്ട് പാടാനാണ് വിളിച്ചത്. പക്ഷെ രണ്ടെണ്ണം പാടാനുള്ള അവസരമുണ്ടായി. റോക്കി ഭായി എന്നെ കാരക്ടറിന്റെ എനർജിയും പഞ്ചും ഒരാളോ രണ്ടാളോ പാടിയിട്ട് ഒരു കാര്യവുമില്ല. നൂറു കണക്കിന് ആളുകളൊന്നിച്ചു പാടിയാലും ആ പഞ്ച് അങ്ങനെതന്നെ നിൽക്കണം. രവി ബസ്രൂർ , സന്തോഷ് വെങ്കി , മോഹൻ കൃഷ്ണ , പ്രകാശ് മഹാദേവൻ , അൻവർ സാദത്ത്‌ , വിപിൻ സേവ്യർ , ഐശ്വര്യ മഹാദേവൻ എന്നിവരാണ് കൂടെ പാടിയത്. ഒരുപാട് ആളുകളുടെ എഫർട്ടാണ് ഇതിലെ പാട്ടുകളുൾപ്പെടെ എല്ലാം.

മലയാളത്തിലേക്കുള്ള മൊഴിമാറ്റം ശരിക്കും പറഞ്ഞാൽ ഒരു ചലഞ്ച് ആണ്. ചില സമയങ്ങളിൽ അവ പ്രേക്ഷകർക്ക് അരോചകമാകാം. മ്യൂസിക്കിനെ വേണ്ട രീതിയിൽ ട്രീറ്റ് ചെയ്യുന്നില്ലായെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ കെജിഎഫിന്റെ കാര്യത്തിൽ അത് ശരിക്കും ഡിഫറൻറ് ആയിരുന്നു. അതിലെ പാട്ടുകൾ നല്ല രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തു.

കെജിഎഫിന് മുൻപ്…

2018-ൽ കൊച്ചിയിലെ എൻ എച്ച് ക്യൂവിൽ നിന്ന് സൗണ്ട് എഞ്ചിനീയറിംഗ് വിത്ത് മ്യൂസിക് പ്രൊഡക്ഷൻ ഡിപ്ലോമ ചെയ്തു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു വർക്ക്‌ വന്നു. ഒരു ബോളിവുഡ് സിനിമയുടെ 6 റീലുകൾ ആയിരുന്നു അത്. സാമൂഹികപ്രവർത്തക ദയാബായിയുടെ ബയോപിക് ആയിരുന്നു അത്. കഴിഞ്ഞ മാസം സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ അഭിനയിച്ച അല്ലി എന്ന പടത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തു. വിജയ് സൂപ്പറും പൗർണമിയും, തണ്ണീർ മത്തൻ ദിനങ്ങൾ എന്നിവയിൽ വര്‍ക്ക് ചെയ്തു. ഒരു ലീഡ് സിംഗറായി എത്തുന്ന ആദ്യ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ആണ്. എന്റെ ഗുരു ഗ്രാമി അവാർഡ് ജേതാവായ ഡോ. എൽ ശങ്കർ ആണ്. അദ്ദേഹത്തിനടുത്തു നിന്നും ഞാനിപ്പോഴും മ്യൂസിക് പഠിക്കുന്നു.

കെജിഎഫിന് ശേഷം..

ആ ചിത്രത്തിന് ശേഷം എന്റെ ജീവിതം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു ചിത്രം. എല്ലാവരും കെജിഎഫിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നു, അതനുബന്ധിച്ചുള്ള മറ്റ് വർക്കുകൾ വരുന്നു, മ്യൂസികിന്റെതായ തിരക്കുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here