അംബേദ്കര്‍ ആശങ്കപ്പെട്ട വെല്ലുവിളികള്‍ രാജ്യം നേരിടുന്നു: എം.ബി. രാജേഷ്| MB Rajesh

ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെക്കുറിച്ചല്ല കടമകളെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന വാദങ്ങള്‍ ഉയരുന്നത്, അംബേദ്കര്‍ ആശങ്കപ്പെട്ട വെല്ലുവിളികളെയാണ് സൂചിപ്പിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പ്രസ്താവിച്ചു. രാജ്യവും അതിന്റെ ഭരണഘടനയും അംബേദ്കര്‍ ആശങ്കപ്പെട്ട വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനാ നിയമനിര്‍മ്മാണ സഭയുടെ ഡിബേറ്റ്‌സിന്റെ പരിഭാഷാ പ്രൊജക്ട് നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യവും ഭരണഘടനയും തമ്മിലുള്ള പാരസ്പര്യം ശ്രദ്ധേയമാണ്. ആധുനിക ഇന്ത്യ എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ഡിബേറ്റ്‌സിലുണ്ട്.

രാഷ്ട്രത്തിനു മുമ്പില്‍ മതവിശ്വാസത്തെ പ്രതിഷ്ഠിച്ചാലുള്ള അപകടത്തെക്കുറിച്ച് ഭരണഘടനാ ശില്‍പ്പി ഡോ. ബി. ആര്‍. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ആശങ്ക ഇപ്പോള്‍ നിലനില്‍ക്കുന്നു. ഡിബേറ്റ്‌സിന്റെ പകര്‍പ്പ് ഇപ്പോള്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമേ ലഭ്യമായിട്ടുള്ളൂ. ഡിബേറ്റ്‌സ് ആദ്യമായി പരിഭാഷപ്പെടുത്തുന്ന ഇന്ത്യയിലെ ഭാഷ മലയാളമാണെന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. നിയമവകുപ്പിലെയും നിയമസഭാ സെക്രട്ടേറിയറ്റിലെയും റിട്ടയര്‍ ചെയ്ത ജീവനക്കാരുള്‍പ്പെടുന്ന ഒരു ടീമാണ് 6457 പേജുകളുള്ള ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഡിബേറ്റ്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നത്. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ വര്‍ഷത്തില്‍ തുടങ്ങി ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വര്‍ഷമായ 2025-ന് മുമ്പ് പന്ത്രണ്ടു വാല്യങ്ങളുടെ ഡിബേറ്റ്‌സ് പ്രസിദ്ധപ്പെടുത്തുകയും വെബ്‌സൈറ്റില്‍ നല്‍കുകയും ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്. ഓറിയന്റേഷന്‍ യോഗത്തില്‍ നിയമസഭാ സെക്രട്ടറി ശ്രീ. എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതമാശംസിച്ചു. നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീ. ആര്‍. കിഷോര്‍കുമാര്‍, നിയമവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീ. എം.കെ. സാദിഖ്, നിയമവകുപ്പ് മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാരായ ശ്രീ. സി.കെ. പത്മാകരന്‍, ശ്രീമതി എസ്. ഗിരിജാദേവി എന്നിവര്‍ പ്രസംഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News