
വൈദ്യുത ഇരുചക്രവാഹനങ്ങളിലെ തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ മോഡലുകള്‍ അവതരിപ്പിക്കരുതെന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര റോഡ്, ഗതാഗത ദേശീയപാത മന്ത്രാലയം വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
തീപ്പിടിത്തത്തിനുള്ള കാരണം, പ്രശ്നം എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ പുതിയവാഹനം അവതരിപ്പിക്കരുതെന്നാണ് കമ്പനികള്‍ക്കുള്ള നിര്‍ദേശം. തീപ്പിടിത്തമുണ്ടായ വാഹനങ്ങള്‍ ഉള്‍പ്പെട്ട ബാച്ചിലെ എല്ലാ വാഹനങ്ങളും തിരികെ വിളിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മിക്കകമ്പനികളും ഇതിനകം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിച്ചും ബാറ്ററി പൊട്ടിത്തെറിച്ചും ആളുകള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശപ്രകാരം ഒല, ഒകിനാവ, പ്യുവര്‍ ഇ.വി. എന്നിവ ഏഴായിരത്തോളം ഇരുചക്രവാഹനങ്ങള്‍ ഇതിനകം പിന്‍വലിച്ചിട്ടുണ്ട്.
രാജ്യത്ത് ആരംഭദശയിലുള്ള വൈദ്യുത വാഹനവ്യവസായത്തിന് ‘തടസ്സമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.’എന്നാല്‍, സുരക്ഷയ്ക്കാണ് സര്‍ക്കാരിന്റെ മുന്തിയപരിഗണന. മനുഷ്യജീവന്‍വെച്ച് ഒരൊത്തുതീര്‍പ്പിനും സര്‍ക്കാര്‍ തയ്യാറല്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തമുണ്ടാകുന്ന സംഭവങ്ങള്‍ പല തവണയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തകരാര്‍ കണ്ടെത്തിയ വൈദ്യുത സ്‌കൂട്ടറുകളെല്ലാം മുന്‍കരുതല്‍ നടപടിയെന്നനിലയില്‍ തിരിച്ചുവിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് അവയുടെ നിര്‍മാതാക്കളോട് നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചിരുന്നു.
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ പ്രചാരം നേടിയ ഒല ഇലക്ട്രില്‍സിന്റെ 1,441 വൈദ്യുത സ്‌കൂട്ടറുകള്‍ നിര്‍മാതാക്കള്‍ കഴിഞ്ഞയാഴ്ച തിരിച്ചുവിളിച്ചിരുന്നു. മറ്റ് ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒക്കിനാവ ഒട്ടോടെക് 3,000-വും പ്യൂര്‍ഇ.വി. 2,000-വും സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചു. വൈദ്യുത സ്‌കൂട്ടറുകള്‍ തീപിടിക്കുന്ന സാഹചര്യം അന്വേഷിക്കാനും പരിഹാരം നിര്‍ദേശിക്കാനും സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയണ്‍മെന്റ് സേഫ്റ്റിയെ ഗതാഗതമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here