Pegasus : പെഗാസസില്‍ സംസ്ഥാനങ്ങളോട് വിവരങ്ങള്‍ തേടി സുപ്രീം കമ്മിറ്റി

പെഗാസസ് ( Pegasus )ഇടപാടില്‍ സംസ്ഥാന ഡിജിപിമാരോട് ( DGP ) വിവരങ്ങള്‍ തേടി സുപ്രീംകോടതി ( supreme Court ) നിയോഗിച്ച സമിതി. സംസ്ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തില്‍ ആണ് പരിശോധന. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. നവീന്‍കുമാര്‍ ചൗധരി, പ്രഭാരന്‍ പി, അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.

ഏപ്രിൽ മൂന്നാം വാരമാണ് സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്ത് നൽകിയത്. ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതേങ്കിലും ഏജൻസികളോ പൗരന്മാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം.

പെഗാസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്.

സിപിഐഎം എംപി ജോൺ ബ്രിട്ടാസ്, മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരാണ് സുപ്രീം കോടതിയിൽ ഈ വിഷയത്തിൽ ഹർജി നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ മുൻ സുപ്രീംകോടതി ജഡ്ജി ആർവി രവീന്ദ്രൻ്റെ മേൽനോട്ടത്തിൽ ഡോ. നവീൻ കുമാർ ചൗധരി, ഡോ. പി പ്രഭാരൻ, ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരടങ്ങിയ സമിതി രൂപീകരിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇതേ സമിതി ഇടക്കാല റിപ്പോർട്ടും സുപ്രീംകോടതിയിൽ നൽകിയിരുന്നു. ഫോൺ ചോർത്തപ്പെട്ടു എന്ന് ആരോപിച്ച് മുന്നോട്ട് വന്ന ഒരു ഡസനോളം ആളുകളുടെ ഫോൺ വിവരങ്ങളും സമിതിക്ക് മുന്നിലുണ്ട്.

പെഗാസസ് നിർമാതാക്കളായ എൻഎസ്ഒ കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ രാഷ്ട്രങ്ങൾക്ക് മാത്രമേ വിൽക്കാറുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. പെഗാസസ് വാങ്ങിയിട്ടുണ്ടോ എന്ന വിഷയത്തിൽ രാജ്യസുരക്ഷ മുൻനിർത്തി പുറത്തുപറയാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രസർക്കാർ വാദം.

ലോകത്തിലെ 17 മാധ്യമ സ്ഥാപനങ്ങൾ അടങ്ങുന്ന ടീമാണ് പെഗാസസിൻ്റെ ചാരക്കണ്ണ് പുറത്ത് കൊണ്ടുവന്നത്. ഇന്ത്യയിൽ നിന്ന് സിദ്ധാർഥ് വരദരാജൻ എഡിറ്ററായ ദ വയറും സംഘത്തിലുണ്ട്. വിഷയം ഇന്ത്യക്ക് പുറമെ ഫ്രാൻസും അമേരിക്കയും അടക്കം 37 രാജ്യങ്ങളിൽ ചർച്ചയായിരുന്നു.

എന്താണ്‌ പെഗാസസ്‌

2009-ൽസ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിര പെഗാസസിന്റെ പേരാണിതിന്. ഉപയോക്താക്കളെ വഴിതെറ്റിച്ച് സ്‌മാർട്ട്ഫോണുകളിലും കംപ്യൂട്ടറുകളിലും കടന്നുകൂടി വിവരം ചോർത്തുന്ന ചാര സോഫ്‌റ്റ്‌വേർ. ‘പെഗാസസി’നെ ഐഫോണിലും ആൻഡ്രോയ്‌ഡ് ഫോണുകളിലും കടത്തിവിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഇ-മെയിലുകൾ എന്നിവ ചോർത്താൻ കഴിയും.  കുറ്റവാളികളെയും ഭീകരരെയും നിരീക്ഷിക്കാൻമാത്രമായുണ്ടാക്കിയതാണ് ഈ സോഫ്റ്റ്‌വേർ എന്നാണ്‌ എൻഎസ്ഒ അവകാശവാദം.

ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക്‌ എസ്‌എംഎസ്‌ വഴിയാണ്‌ പെഗാസസ്‌ കൂടുതലായും കടന്നുകയറുന്നത്‌. ലിങ്ക്‌ ഓപ്പൺ ചെയ്യുമ്പോൾ ചാര സോഫ്‌റ്റ്‌വെയർ ഫോണിൽ ഇടംപിടിക്കും. മുഴുവൻ വിവരവും ഏജൻസിക്ക്‌ ലഭ്യമാകും. ക്യാമറ, മൈക്രോഫോൺ എന്നിവയിലും നുഴഞ്ഞുകയറും. വാട്സാപ്‌, ടെലഗ്രാം, സിഗ്‌നൽ തുടങ്ങി നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായ എൻഡ്‌ ടു എൻഡ്‌ എൻക്രിപ്‌റ്റഡ്‌ മെസേജിങ്‌ ആപ്പുകളിലെ വിവരങ്ങളടക്കം പെഗാസസ്‌ ചോർത്തും. ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌താൽ സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനം നിലയ്‌ക്കുമെങ്കിലും സ്വിച്ച്‌ഓൺ ചെയ്യുമ്പോൾ പ്രവർത്തിച്ചു തുടങ്ങും.  ഫോണുകളിലെ കോളുകൾ റെക്കോഡ് ചെയ്യാനും മൈക്രോഫോണുകളും ക്യാമറകളും ഉപയോക്താവറിയാതെ പ്രവർത്തിപ്പിക്കാനും സാധിക്കും. ഫോൺ ഉപേക്ഷിക്കൽ മാത്രമാണ്‌ രക്ഷപ്പെടാൻ ഏകമാർഗം.

ടൊറന്റോ സർവകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ നിരീക്ഷണ ഗവേഷണ സംഘടന ‘സിറ്റിസൺ ലാബ്‌’ ആണ്‌ 2019ൽ പെഗാസസ്‌ ചോർത്തൽ ആദ്യം പുറത്തുകൊണ്ടുവന്നത്‌. തുടർന്ന്‌, വാട്സാപ്‌ എൻഎസ്‌ഒയ്‌ക്കെതിരെ നിയമനടപടികളിലേക്ക്‌ നീങ്ങി. ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ ടെക്നിക്കൽ ലാബും ഫ്രാൻസിലെ മാധ്യമഗ്രൂപ്പായ ‘ഫോർബിഡൻ സ്‌റ്റോറീസു’മാണ്‌ ഇപ്പോഴത്തെ ഗവേഷണ വെളിപ്പെടുത്തലിന്‌ പിന്നിൽ.

വാങ്ങുന്നവർ

സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കും  മാത്രമാണ് പെഗാസസ്‌ നൽകാറുള്ളുവെന്നാണ്‌ എൻഎസ്ഒ പറയുന്നത്‌. മനുഷ്യാവകാശസംരക്ഷണത്തിൽ മികച്ച റെക്കോഡുള്ള രാജ്യങ്ങളിലെ സൈന്യം, നിയമനിർവഹണ -രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്കാണ് പെഗാസസ് വിൽക്കുന്നത്‌. രഹസ്യാന്വേഷണ ഏജൻസികളാണ് ഉപയോക്താക്കളിൽ 51 ശതമാനവും. ആർക്കൊക്കെ വിൽപന നടത്തിയിട്ടുണ്ടെന്ന്‌ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിറ്റുകഴിഞ്ഞാൽ പെഗാസസിന്റെ കാര്യങ്ങൾ നോക്കുന്നത് വാങ്ങുന്ന സർക്കാരുകളും സർക്കാർ ഏജൻസികളുമായിരിക്കും. എൻഎസ്ഒ അതിൽ ഇടപെടില്ല. ‘ഉപയോഗം എൻഎസ്ഒയ്ക്ക് ദൃശ്യമാകില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാറുമില്ല’ എന്നാണ്‌ കമ്പനിയുടെ അവകാശവാദം. പെഗാസസ് വിൽക്കുക എന്നുവെച്ചാൽ വാങ്ങുന്നവർക്ക് ഈ ചാര സോഫ്റ്റ്‌വേർ ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുക എന്നാണ് അർഥം. എത്രകാലത്തേക്കാണ് ലൈസൻസ് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വില.

പെഗാസസ് പ്രോജക്‌ട്

വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ, ലെ മൊൺഡേ, ദി വയർ എന്നിവയുൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണമാണ് പെഗാസസ് പ്രോജക്ട്. പാരീസ് ആസ്ഥാനമായുള്ള ഫൊർബിഡൻ സ്റ്റോറീസ് എന്ന മാധ്യമസ്ഥാപനത്തിനും മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിനും ചോർന്നുകിട്ടിയ 50,000 ഫോൺ നമ്പറുകൾ കൂടുതൽ അന്വേഷണത്തിനും വിശകലനത്തിനും കൈമാറുകയായിരുന്നു. ഈ പട്ടികയിൽനിന്നാണ് അമ്പതിലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെപ്പേരെ നിരീക്ഷിച്ചതായി കണ്ടെത്തിയത്. നിരീക്ഷണം തുടങ്ങിയത് 2016-ൽ.

ഇന്ത്യ, യുഎഇ., ഹംഗറി, സൗദി അറേബ്യ, റുവാൺഡ, മൊറോക്കോ, മെക്സിക്കോ, കസാഖ്‌സ്താൻ, ബഹ്‌റൈൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലുള്ളവരാണ്‌ നിരീക്ഷിക്കപ്പെട്ടവരിൽ അധികവും.  അറുന്നൂറിലേറെ രാഷ്ട്രീയക്കാർ/സർക്കാർ ഉദ്യോഗസ്ഥർ, 189 മാധ്യമപ്രവർത്തകർ, 85 മനുഷ്യാവകാശപ്രവർത്തകർ, 64 ബിസിനസ് എക്സിക്യുട്ടീവുമാർ, അറബ് രാജകുടുംബാംഗങ്ങൾ. നിരവധി സ്മാർട്ട്‌ഫോണുകൾ ആംനെസ്റ്റിയുടെ ഫൊറൻസിക് ലാബിൽ പരിശോധിച്ച്, നിരീക്ഷണം നടന്നെന്ന് ഉറപ്പുവരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News