Onchiyam: ജീവരക്തം കൊണ്ട് ഒഞ്ചിയത്തെ ചുവപ്പിച്ച ധീര രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് ഇന്ന്, എഴുപത്തിനാലാണ്ട്

ജീവരക്തം കൊണ്ട് ഒഞ്ചിയത്തെ ചുവപ്പിച്ച ധീര രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് ഇന്ന്, എഴുപത്തിനാലാണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഒഞ്ചിയം രക്തസാക്ഷിത്വം. സി പി ഐ (എം) – സി പി ഐ സംയുക്തമായി ഇന്ന് വൈകീട്ട് പുറങ്കരയില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ (എം) പി ബി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ പാര്‍ട്ടിയോട് ചേര്‍ന്ന് നിന്ന പ്രദേശമാണ് ഒഞ്ചിയം. 1939 ല്‍ മണ്ടോടി കണ്ണന്റെ നേതൃത്യത്തില്‍ ഇവിടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാനായി പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ നിശ്ചയിക്കുന്നു.

ഈ വിവരം അറിഞ്ഞാണ് എം എസ് പി സംഘം നേതാക്കളെ പിടികൂടാന്‍ മുക്കാളിയിലെത്തിയത്. പുലര്‍ച്ചെ 4ന് അവര്‍ മണ്ടോടി കണ്ണന്റെ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കര്‍ഷക കാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടികൂടി. പോലീസ് സേന ചെന്നാട്ട് വയലില്‍ എത്തിയപ്പോഴേക്കും നാട്ടുകാര്‍ തടിച്ചുകൂടി.

ജനക്കൂട്ടത്തിനുനേരെ 17 റൗണ്ട് വെടിയുതിര്‍ത്തു. ചെന്നാട്ട്താഴെ വയലില്‍ എട്ട് കമ്യൂണിസ്റ്റ് പോരാളികള്‍ പിടഞ്ഞുവീണു. അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വിപി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മര്‍ദനത്തെത്തുടര്‍ന്ന് പിന്നീട് രക്തസാക്ഷികളായി.

ഇന്ന് വൈകീട്ട് പുറങ്കരയില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ (എം) പി ബി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പറഞ്ഞു. രാജ്യസഭാഗം പി സന്തോഷ് കുമാര്‍, എം എല്‍ എ മാരായ ടി പി രാമകൃഷ്ണന്‍, ഇ കെ വിജയന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. 1948 ലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ‘ഭരണകൂടം നടത്തിയ ‘ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയെ പ്രതിരോധിച്ചവരാണ് ഒഞ്ചിയം രക്തസാക്ഷികള്‍. വിപ്ലവ സമരപാതയിലെ സൂര്യതേജസ്സായി ഇന്നും ഒഞ്ചിയം രക്തസാക്ഷികള്‍ ജ്വലിച്ച് നില്‍ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News