P Sreeramakrishnan: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: പി. ശ്രീരാമകൃഷ്ണന്‍

യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍(Ukraine) നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികളുമായി സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ഒപ്പമുണ്ടെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍(P Sreeramakrishnan) പറഞ്ഞു. യുക്രൈനില്‍(Ukraine) നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികളുമായി തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളില്‍ തുടര്‍ പഠനത്തിന് അവസരം ഒരുക്കുന്നതിനുള്ള ശക്തമായ ഇടപെടല്‍ കേരളം നടത്തുന്നുണ്ട്. ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ അന്തിമ തീരുമാനം എടുക്കാനാവൂ. ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകാന്‍ സമ്മര്‍ദ്ദം തുടരും. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുക്രൈന്‍ യുദ്ധം തുടങ്ങിയ വേളയില്‍ മുന്‍പ് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് നോര്‍ക്ക നേരിട്ടതെന്ന് പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പഠനത്തിനായി പോയ വിദ്യാര്‍ത്ഥികള്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടി സ്വീകരിച്ചു. വിദേശത്തു നിന്ന് ഇന്ത്യയില്‍ എത്തിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള ചുമതലയും നിര്‍വഹിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് യുക്രൈന്‍ വാര്‍ സെന്റര്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ പത്തു കോടി രൂപ നീക്കിവച്ചത്. നോര്‍ക്കയില്‍ യുക്രൈന്‍ ഗ്രിവന്‍സ് സെല്ലും രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് നോര്‍ക്ക സെക്രട്ടറി സുമന്‍ ബില്ല അറിയിച്ചു. സുരക്ഷ ഉറപ്പാക്കാതെ വിദ്യാര്‍ത്ഥികളെ വീണ്ടും യുക്രൈനിലേക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ല. അടുത്ത സെമസ്റ്ററിന്റെ ഫീസ് അടയ്ക്കാന്‍ ചില സര്‍വകലാശാലകള്‍ ആവശ്യപ്പെടുന്ന വിഷയത്തില്‍ വിദേശകാര്യ മന്ത്രായലത്തിന്റെ അഭിപ്രായം തേടുമെന്ന് സെക്രട്ടറി പറഞ്ഞു. ബാങ്ക് ലോണ്‍ എടുത്ത് പഠനത്തിനായി പോയവര്‍ പ്രതിസന്ധിയിലായ സാഹചര്യം ചീഫ് സെക്രട്ടറിയുടെ യോഗം ചര്‍ച്ച ചെയ്തതായി നോര്‍ക്ക സി. ഇ. ഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് കത്ത് അയച്ചിട്ടുണ്ടെന്ന് വകുപ്പിനെ പ്രതിനിധീകരിച്ച് സംവാദത്തില്‍ പങ്കെടുത്ത ജോയിന്റ് ഡയറക്ടര്‍ ഡോ. ബിന്‍സി അറിയിച്ചു.

യുക്രൈന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ കാര്‍ത്തിക് മാധവ്, നീരജ്, അപര്‍ണ വേണുഗോപാല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തങ്ങളെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത് പരിഗണിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും അവതരണം നടത്തി. പഠനാവശ്യത്തിനായി എടുത്ത ലോണ്‍, നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, യുക്രൈനിന്റെ സമീപ രാജ്യങ്ങളിലേക്ക് പഠനം മാറ്റുന്നതിലെ പ്രശ്നങ്ങള്‍, അടുത്ത സെമസ്റ്റര്‍ ഫീസ് സര്‍വകലാശാലകള്‍ ആവശ്യപ്പെടുന്നത്, വെറ്ററിനറി, നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധികള്‍, ഒബ്സര്‍വേറ്ററി പ്രാക്ടീസിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അനുമതി നല്‍കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. 2223 വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തത്. നേരിട്ടെത്തിയും ഓണ്‍ലൈനിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നോര്‍ക്ക ഗ്രിവന്‍സ് സെല്ലില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News