
വിയറ്റനാം(Vietnam) ജനതയ്ക്ക് മുന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വ മോഹം മുട്ടുമടക്കിയതിന്റെ 47ആം വാര്‍ഷികമാണിന്ന്. അമേരിക്കന്‍(American) അധിനിവേശത്തിനെതിരായി 2 പതിറ്റാണ്ടോളമാണ് വിയറ്റനാം ജനത പോരാടി നിന്നത്. ഉത്തര വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാമും ദക്ഷിണ വിയറ്റ്‌നാമിലെ റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമും തമ്മില്‍ നടന്ന ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക കമ്മ്യൂണിസ്റ്റുകളുടെ ഉന്മൂലനത്തിനായി നടത്തിയ യുദ്ധമായിരുന്നു അത്.
മഹാനായ ഹോ ചി മിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് വിപ്‌ളവത്തിലൂടെ വടക്കന്‍ വിയറ്റനാമില്‍ അധികാരത്തിലെത്തിയ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഭരണത്തിനായി കൊതിച്ച തെക്കന്‍ വിയറ്റ്‌നാം ജനത വിയറ്റ്‌കോങ് എന്ന കമ്യൂണിസ്റ്റ് സൈന്യത്തിന്റെ നേതൃത്വത്തില്‍ തെക്കന്‍ വിയറ്റ്‌നാമിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരെ ഗറില്ലാ മുറയില്‍ പോരാട്ടമാരംഭിച്ചു. ജനാഭിലാഷത്തിന് പിന്തുണയുമായി വടക്കന്‍ വിയറ്റ്‌നാമും യുദ്ധത്തില്‍ സജീവമായി. ദക്ഷിണ വിയറ്റ്‌നാമും കമ്യൂണിസ്റ്റ് ഭരണത്തിലാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് അത് തടയാന്‍ അമേരിക്ക യുദ്ധത്തില്‍ പ്രവേശിച്ചത്. 1960-കളുടെ ആദ്യ ഘട്ടത്തില്‍ യുദ്ധോപദേശ പദ്ധതികളായി ആരംഭിച്ച ഇടപെടല്‍ 1965 മുതല്‍ അമേരിക്കന്‍ സൈന്യത്തിന്റെ വിന്യാസത്തോടെ ഒരു പൂര്‍ണ്ണ യുദ്ധമായി മാറി.
അമേരിക്കയുടെ തീരാത്ത സാമ്രാജ്യത്വ മോഹവും യുദ്ധക്കൊതിയുമാണ് 20 വര്‍ഷം നീണ്ടു നിന്ന വിയറ്റനാം യുദ്ധത്തിന് കാരണം. എല്ലാം കാല്‍ക്കീഴിലാക്കാനും കൊള്ളയടിക്കാനും വെമ്പി പറന്നിറങ്ങിയ അമേരിക്കന്‍ പട്ടാളത്തിനു മുന്നില്‍ രാജ്യത്തെ അടിയറ വയ്ക്കാന്‍ വിയറ്റനാം ജനത തയ്യായില്ല. അമേരിക്കയുടെ പകരം വയ്ക്കാനില്ലാത്ത ആയുധ ബലത്തിനും സൈനിക ശക്തിയ്ക്കും മുന്നില്‍ 2 പതിറ്റാണ്ട് കാലമാണ് അവര്‍ പോരാടി നിന്നത്. ഒടുവില്‍ ആ പോരാട്ടത്തിനു മുന്നില്‍ ലോകപോലിസ് ചമയുന്ന അമേരിക്കയ്ക്ക് മുട്ടുമടക്കേണ്ടി വന്നു. 1973-ഓടെ ഭൂരിഭാഗം അമേരിക്കന്‍ സൈന്യവും യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങുകയും, 1975-ല്‍ കമ്യൂണിസ്റ്റുകള്‍ ദക്ഷിണ വിയറ്റ്‌നാമില്‍ അധികാരം പിടിച്ചടക്കുകയും ചെയ്തു. വൈകാതെ ഉത്തര-ദക്ഷിണ വിയറ്റ്‌നാമുകള്‍ ഏകീകരിക്കപ്പെട്ടു.
അമേരിക്കന്‍ ഇടപെടലിലൂടെ കനത്ത ആള്‍നാശമാണ് യുദ്ധത്തിലുണ്ടായത്. മുപ്പത് ലക്ഷത്തോളം വരുന്ന വിയറ്റ്‌നാം ജനത യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിച്ച ലാവോസെ കംബോഡിയ എന്നിവിടങ്ങളില്‍ 15മുതല്‍ 20 ലക്ഷവരെ മനുഷ്യര്‍ക്ക് ജീവഹാനിയുണ്ടായി. ഏകദേശം 58,000 യു.എസ്. സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. അതിവിനാശകാരിയായ നാപാം ബോംബ് ഉള്‍പ്പെടെ അമേരിക്കന്‍ ചേരി സാധാരണ മനുഷ്യര്‍ക്ക് മേല്‍ ചൊരിഞ്ഞു. യുദ്ധത്തിലെ പരാജയവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിനു മുന്നില്‍ അമേരിക്കയുടെ പ്രതിച്ഛായ തകര്‍ത്തു. അമേരിക്കന്‍ ജനതയിലും ഭരണകൂടത്തിനെതിരായ കടുത്ത എതിര്‍പ്പുണ്ടായി. വിയറ്റനാം ഒരു പാഠമായി മുന്നില്‍ നില്‍ക്കുമ്പോഴും ഇന്നും അമേരിക്കയെ നയിക്കുന്നത് അവസാനിക്കാത്ത യുദ്ധക്കൊതിയും സാമ്രാജ്യത്വ മോഹങ്ങളും തന്നെയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here