ചിക്കാഗോയിലെ തൊഴിലാളി പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഒരു മെയ് ദിനം കൂടി

തൊഴിലെടുക്കുന്നവന്റെ ദിനമാണ് മെയ് ഒന്ന്. മെയ് ദിനത്തിന് ചിക്കഗോയിലെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്,തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റത്തിന്റെ വര്‍ത്തമാനമുണ്ട്. പ്രതീക്ഷ വറ്റാത്ത ഭാവിയുണ്ട്.വരാന്‍ പോകുന്ന തീവ്രമായ സമരങ്ങളിലേക്കുള്ള ഓര്‍മപ്പെടുത്തലുമായി മറ്റൊരു സാര്‍വ്വദേശീയ തൊഴിലാളി ദിനം കൂടി.

കഴുമരത്തിലേറും മുന്‍പ് ചിക്കഗോ സമരപോരാളി അഗസ്റ്റസ് സ്‌പൈസ് ഇങ്ങനെ പറഞ്ഞു . ‘ഇന്നു നിങ്ങള്‍ ശ്വാസംമുട്ടിച്ച് കൊല്ലുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍, ഞങ്ങളുടെ വാക്കുകള്‍ കരുത്തേറിയതാകുന്ന ഒരു കാലം വരും അന്ന് അത് അമേരിക്കയും കടന്ന് പ്രവഹിക്കുക തന്നെ ചെയ്യും.


മുതലാളിത്തത്വത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ച് ചിക്കാഗോ സമര പോരാളികള്‍ തീര്‍ത്ത ത്യാഗോജ്വലമായ പോരാട്ടത്തിന്റെ ഓര്‍മ്മ പുതുക്കലാണ് മെയ് ഒന്ന് സാര്‍വ്വദേശീയ തൊഴിലാളി ദിനം. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ പഠനവും വിനോദവും എന്നീ മുദ്രാവാക്യമുയര്‍ത്തി, അമേരിക്കയില്‍ ഉയര്‍ന്നു വന്ന തൊഴിലാളിവര്‍ഗ്ഗ പോരാട്ടം ലോക ഗതികളെ തന്നെ മാറ്റി മറിച്ചു.

1886 മെയ് ഒന്നുമുതല്‍ നാലുവരെ ചിക്കാഗോയിലും സമീപനഗരങ്ങളിലുമായി പതിനായിരങ്ങള്‍ പണിമുടക്കി. സമാധനപരമായി ഹേ മാര്‍ക്കറ്റില്‍ യോഗം ചേര്‍ന്ന തൊഴിലാളികള്‍ക്കുനേരെ പൊലീസ് നിറയൊഴിച്ചു. വെടിയേറ്റു വീണ മെയ്ദിന രക്തസാക്ഷികളുടെ ചോരയാല്‍ ചിക്കാഗോ ചുവന്നു. അനീതിയോട് കലഹിച്ച നാലു സമരപോരാളികളെ നീതിപീഠം തൂക്കിലേറ്റി. തൊഴിലാളിവര്‍ഗ്ഗ അവകാശ സമര പോരാട്ടങ്ങള്‍ക്ക് ചിക്കഗോ തീ പകര്‍ന്നു. ചരിത്രപ്രസിദ്ധമായ ഒക്ടോബര്‍ വിപ്ലവത്തിനും 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ മെയ് ദിനം പിറന്നു. ഫ്രഞ്ചു വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ 1889 ല്‍ പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലില്‍ മെയ്ദിനം സര്‍വ്വരാജ്യ തൊഴിലാളി ദിനമായി ആചരിക്കാന്‍ ആഹ്വാനമുയര്‍ന്നു.

അഖിലലോക തൊഴിലാളികളോടും സംഘടിക്കുവാന്‍ ആഹ്വാനം ചെയ്തു മറ്റൊരു മെയ് ദിനം കൂടി കടന്നു വരുമ്പോള്‍ ലോകത്തെമ്പാടുമുള്ള തൊഴിലാളിവര്‍ഗ്ഗം പോരാട്ടഭൂമിയിലാണ്.മഹാമാരിയോട് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അനീതിയെ ചോദ്യം ചെയ്ത കര്‍ഷകത്തൊഴിലാളികള്‍ മുതലാളിത്തം എവിടെയെല്ലാം ചൂഷകരാകുന്നുവോ അവിടെയെല്ലാം പൊരുതുന്ന തൊഴിലാളികള്‍. വിവിധ ഭൂഖണ്ഡങ്ങളില്‍, രാജ്യങ്ങളില്‍ എണ്ണമറ്റ തൊഴിലാളികള്‍ നടത്തിയ സമരങ്ങളുടെ, കലാപങ്ങളുടെ ഓര്‍മപ്പെടുത്തലാണ് സാര്‍വദേശീയ തൊഴിലാളി ദിനം. വിശപ്പില്‍ നിന്നും മുക്തരാകാത്ത, മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെടുന്ന, ശുദ്ധവായുവും ശുദ്ധജലവും തേടുന്ന ജനതയുടെ വിമോചനത്തിനായുള്ള സമര സന്ദേശം കൂടിയാണ് ഓരോ മെയ് ദിനവും പങ്കുവെക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News