ADVERTISEMENT
സ്മാര്‍ട്ട് കാര്‍ഡിന് തുല്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള എലെഗെന്റ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ മോട്ടോര്‍ വാഹനവകുപ്പ് അടുത്ത മാസം പുറത്തിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് ‘വാഹനീയം – 2022’ ഉദ്ഘാടനം സി.കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൂര്‍ണമായും തടയിടുകയാണ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രധാന ദൗത്യം. ജൂണ്‍ പകുതിയോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പരാതി പരിഹാര അദാലത്ത് പൂര്‍ത്തിയാക്കും. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ലൈസന്‍സും റദ്ദാക്കും. മന്ത്രി പറഞ്ഞു. ഇത്തരം അദാലത്തുകള്‍ക്ക് വേദിയൊരുക്കാതെ സമയബന്ധിതമായി പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണമെന്നും ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി സൗഹാര്‍ദ്ദപരമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. എം. നൗഷാദ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ തീര്‍പ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും ഉടനടി നടപടി സ്വീകരിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അപേക്ഷകരുമായി മന്ത്രി ആന്റണി രാജു നേരിട്ട് സംവദിച്ചു. വാഹനങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ്, മറ്റ് യാത്രാസൗകര്യങ്ങള്‍, വാഹന രജിസ്ട്രേഷന്‍, പെര്‍മിറ്റ്, വാഹന നികുതി, ചെക്ക് റിപ്പോര്‍ട്ട്, എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തില്‍ പരിഗണിച്ചു.
ജില്ലയിലെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ച് 1162 പരാതികളാണ് ലഭിച്ചത്. ഇതില്‍ 940 പരാതികള്‍ പരിഹരിച്ചു. മറ്റു പരാതികള്‍ വിവിധ ഓഫീസുകള്‍ മുഖേന തീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിനുമായി മാറ്റിവെച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജീവമായ ട്രാക്ക് ടീമംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. മന്ത്രിസഭാ വാര്‍ഷികത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാളില്‍ നടത്തിയ ചോദ്യോത്തര മത്സരത്തില്‍ സമ്മാനാര്‍ഹരായ ആറുപേര്‍ക്ക് ഹെല്‍മെറ്റും സമ്മാനിച്ചു. പി. സി. വിഷ്ണുനാഥ് എം. എല്‍. എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.കെ. സവാദ്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, സൗത്ത് സോണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാര്‍, ആര്‍.ടി.ഒ ഡി. മഹേഷ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.