
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് ബഹ്‌റിന്‍, യുഎഇ എന്നിവിടങ്ങളില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഒമാനില്‍ മാസപിറവി കാണുന്നതനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകും പെരുന്നാള്‍.
പെരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ യുഎഇ ഒരുക്കിക്കഴിഞ്ഞു. ആളുകള്‍ കൂടുതലായി എത്തുന്ന പൊതു ഇടങ്ങള്‍, ഈദ് മുസല്ലകള്‍ എന്നിവിടങ്ങളിലെല്ലാം ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഭക്ഷണശാലകള്‍, അറവ് ശാലകള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍, കടകള്‍ എന്നിവിടങ്ങളിലെല്ലാം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ കോവിഡ് മാന്ദ്യത്തിനു ശേഷം സമൂഹം സജീവമാകുന്നതിന്റെ ഭാഗമായി ആഘോഷപരിപാടികള്‍ പൊടിപൊടിക്കാന്‍ രാജ്യം കാത്തിരിക്കുകയാണ്.
സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. ദുബായ് ഫ്രെയിം, ദുബായ് സഫാരി പാര്‍ക്ക്, ചില്‍ഡ്രന്‍സ് സിറ്റി, മംസാര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയുള്ള ഈദ് ആഘോഷങ്ങള്‍ നടക്കും. മംസാര്‍ പാര്‍ക്കില്‍ ഔട്ട്‌ഡോര്‍ സിനിമ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. നാനാ തുറകളിലുള്ള കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈദ് സംഗമങ്ങളും നടക്കുന്നുണ്ട്.
പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലേക്ക് പോകുന്ന ആളുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ വര്‍ദ്ധനവിനനുസരിച്ചു ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുകയും ചെയ്തിട്ടുണ്ട്. ദുബായിലെ മൂന്നു വിമാനത്താവളങ്ങളിലും യാത്രക്കാരുടെ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here