
പി സി ജോര്‍ജ്ജ് സംഘപരിവാറിന്റെ താവളത്തിലേക്ക് പുതിയ ആളെ തേടി പോവുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അദ്ദേഹത്തിനെ പോലൊരാളെ പൊതു പ്രവര്‍ത്തകനായി നാട് അംഗീകരിക്കേണ്ടതുണ്ടോയെന്നും പൊതു ഇടം ഒരുക്കികൊടുക്കേണ്ടതുണ്ടോയെന്നും ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ടെന്നും വി കെ സനോജ് പറഞ്ഞു.
വി കെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്
പി സി ജോര്‍ജ്ജിനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി വിദ്വേഷപ്രചാരകര്‍ക്കുള്ള വ്യക്തമായ സന്ദേശം
സംഘപരിവാര്‍ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനത്തില്‍ വച്ച് പി.സി ജോര്‍ജ്ജ് നടത്തിയ വിദ്വേഷപ്രസംഗം മതനിരപേക്ഷ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ ക്രിമിനല്‍ പ്രവൃത്തിയായിരുന്നു.സംഘപരിവാര്‍ കൂടാരത്തില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിത്വം തേടുന്ന ജോര്‍ജ്ജ് അവരുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാന്‍ കടുത്ത മുസ്ലീം വിരുദ്ധതയാണ് പ്രചരിപ്പിച്ചത്.
പി. സി ജോര്‍ജ്ജിന്റെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവന യ്‌ക്കെതിരെ DYFI മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്കിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇത്തരം വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ ശക്ത മായ നിലപാട് സ്വീകരിക്കുകയും നടപടിയെടുക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ മാതൃകാപരമാണ്. ഇത് പി സി ജോര്‍ജ്ജിനും ജോര്‍ജ്ജിനെപ്പോലുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് മൈക്ക് കെട്ടിക്കൊടുക്കുന്ന സകലവിഭജന ശക്തികള്‍ക്കുമെതിരെയുമുള്ള കൃത്യമായ സന്ദേശവും താക്കീതുമാണ്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.
കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി.
മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here