Pinarayi Vijayan: ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞതിന്റെ ചരിത്രമാണ് മെയ് ദിനം: മുഖ്യമന്ത്രി പിണറായി വിജയന്‍

ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ക്ക് ഹാര്‍ദ്ദമായ അഭിവാദ്യങ്ങളും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നേര്‍ന്നു.

ഫേസ്ബുക്ക് കുറിപ്പ്

ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പ്രാകൃതത്വത്തില്‍ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിന്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം അത് ഉച്ചത്തില്‍ മുഴക്കുന്നു. ചൂഷിതരുടെ ഐക്യം തകര്‍ക്കുന്ന വിഭാഗീയ ചിന്തകളെ അപ്രസക്തമാക്കാന്‍ സാധിക്കുന്ന തൊഴിലാളി വര്‍ഗബോധം സമ്മാനിക്കുകയും മാനവികതയില്‍ അടിയുറച്ച പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ മനുഷ്യഹൃദയങ്ങളില്‍ നിറക്കുകയും ചെയ്യുന്നു.

ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. മനുഷ്യന്‍ മനുഷ്യനാല്‍ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. വര്‍ഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും അത്തരമൊരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും. അങ്ങനെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഇത്തവണത്തെ മെയ് ദിനാഘോഷങ്ങള്‍ സാര്‍ത്ഥകമാക്കാം. തൊഴിലാളികള്‍ക്ക് ഹാര്‍ദ്ദമായ അഭിവാദ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News