
മതവിദ്വേഷ പ്രസംഗത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ. പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിലിയിലെടുത്തത് പലര്‍ക്കും മുന്നറിയിപ്പാണെന്ന് കെടി ജലീല്‍ എംഎല്‍എ. തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും പിണറായിയും കേരളവും വേറെ ലെവലാണെന്നും കെടി ജലീല്‍ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ വയറലായി 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ വെളുപ്പാന്‍ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക്.
ഓരോരുത്തര്‍ക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങള്‍ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.
വര്‍ഗീയ പ്രചരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരില്‍ നിന്നും നന്‍മയെ നമുക്ക് പകര്‍ത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.
കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി.
മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here