ADVERTISEMENT
വിരണ്ടോടിയ എരുമ നഗരത്തെ ഒരു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. തൃശൂരിലാണ് സംഭവം. ശങ്കരയ്യര്‍ റോഡില്‍ നിന്ന് സമീപത്തെ റേയ്‌സ് കോംപ്ലക്‌സിലേക്ക് ഓടിയ എരുമ രണ്ട് സ്ത്രീകള്‍ അടക്കം മൂന്ന് പേരെ ഇടിച്ചിട്ടു. ഇവിടെ പാര്‍ക്ക് ചെയ്ത ബൈക്കുകളും കുത്തിമറിച്ചിട്ടു.
ഒടുവില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് എരുമയെ കെട്ടിയത്. കെട്ടിടത്തിലെ ആളൊഴിഞ്ഞ ഒരു മുറിയില്‍ അകപ്പെട്ട എരുമയെ കഴുത്തിലെ കയറില്‍ കമ്പിയിട്ട് കുടുക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ജനലിലേക്കു ചേര്‍ത്തു കെട്ടിയ എരുമയെ പിന്നീടു വാതില്‍ തുറന്ന് സാഹസികമായി പിടിച്ചുകെട്ടി. ഓരോ കാലിലും കയറിട്ടു കെട്ടി, കാലുകള്‍ക്കു നടുവിലൂടെ ഇരുമ്പു പൈപ്പും ചേര്‍ത്തു കെട്ടിയാണു പുറത്തെത്തിച്ചത്.
ഇന്നലെ 3.30 ന് ആണ് എരുമ, റോഡില്‍ നിന്ന് കോംപ്ലക്‌സിനുള്ളിലേക്ക് ഓടിക്കയറിയത്. അപ്രതീക്ഷിതമായി ഓടിയെത്തിയ എരുമയെ കണ്ട് ഒഴിഞ്ഞു മാറുന്നതിനു മുന്‍പേ മൂന്ന് പേരെയും ഇടിച്ചിട്ടു. ഇവര്‍ക്കു നിലത്തു വീണു പരിക്കുണ്ട്.
ആളുകളെ കണ്ടു വിരണ്ട എരുമ ബൈക്കുകള്‍ മറിച്ചിട്ടു. കാറുകളുടെ റിഫ്‌ലക്ടര്‍ ലൈറ്റുകളും പൊട്ടി. തലനാരിഴയ്ക്കാണ് പലരും ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ശബ്ദം കേട്ട് വനിതാ ജീവനക്കാരില്‍ പലരും നിലവിളിച്ച് മുകളിലത്തെ നിലകളില്‍ അഭയം പ്രാപിച്ചു.
മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ഥം കടകളുടെ ഷട്ടര്‍ അടച്ചിട്ട് രക്ഷപ്പെട്ടു. എരുമ വന്നിടിച്ച് ഏതാനും ഷട്ടറുകള്‍ക്കും കേടുപാടുണ്ട്. കോംപ്ലക്‌സിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പിന്റെ പിറകിലേക്ക് ഓടിക്കയറിയ ശേഷം കംപ്രസര്‍ അടക്കമുള്ള ഉപകരണങ്ങളും കുത്തിമറിച്ചിട്ടു. തേഡ് ഐ സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഒഴിഞ്ഞ മുറിയിലേക്കു കയറിയും നാശനഷ്ടം ഉണ്ടാക്കി. അതിനിടെ വാതില്‍ അടഞ്ഞ് അവിടെ കുടുങ്ങുകയായിരുന്നു.
കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുരിയച്ചിറയിലെ അറവുശാലയിലേക്കു മാറ്റി. ഉടമയെ കണ്ടെത്തിയ ശേഷം പിഴ അടപ്പിച്ചു വിട്ടുകൊടുക്കുമെന്നും അല്ലാത്ത പക്ഷം ലേലം ചെയ്തു വില്‍ക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.