PC ജോർജിനെതിരെ കേസെടുത്ത സർക്കാർ നടപടി വിദ്വേഷ പ്രചാരകർക്കുള്ള വ്യക്തമായ സന്ദേശം : DYFI

മത വിദ്വേഷ പ്രസംഗം നടത്തിയതിന്‌ അറസ്‌റ്റിലായ പി സി ജോർജിന്‌( PC George) പരസ്യ പിന്തുണയുമായി ബിജെപി (BJP ). എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോകും വ‍ഴി പി സി ജോർജിന് ബിജെപി പ്രവർത്തകർ മാലയിട്ടു. പി.സി ജോർജ് രാജ്യദ്രോഹ കുറ്റമല്ല ചെയ്തതെന്ന് എ ആർ ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. അതെസമയം പി സി ജോർജ്ജിനെതിരെ കേസെടുത്ത സർക്കാർ നടപടി വിദ്വേഷ പ്രചാരകർക്കുള്ള വ്യക്തമായ സന്ദേശമാണെന്ന്‌ ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

ഹിന്ദു മഹാസമ്മേളനത്തിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി സി ജോർജ്ജിൻറെ വിദ്വേഷ പ്രസംഗം. അതെ പ്രസംഗത്തിന് ഇന്ന് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പി.സി ജോർജിനെ എ.ആർ ക്യാമ്പിലേക്ക്‌ കൊണ്ടുപോകും വഴി പൊലീസ് വാഹനം തടഞ്ഞായിരുന്നു ബിജെപി പ്രവർത്തകരുടെ സ്വീകരണം.

പ്രവർത്തകരെ നീക്കം ചെയ്തതിന് ശേഷമാണ് പൊലീസ് യാത്ര തുടർന്നത്. എ. ആർ ക്യാമ്പിലെത്തിച്ച പി സി ജോർജിന്‌ പിന്തുണയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി. ജോർജ് രാജ്യദ്രോഹി അല്ലെന്നായിരുന്നു വി.മുരളീധരൻറെ പ്രതികരണം.

എ.ആർ ക്യാമ്പിലേക്ക്‌ കടക്കാൻ ശ്രമിച്ച വി മുരളീധരനെ പൊലീസ്‌ തടഞ്ഞു. അനുമതി നൽകാത്തതിനെത്തുടർന്ന്‌ കേന്ദ്രമന്ത്രിക്ക് തിരിച്ചുപോകേണ്ടി വന്നു. ജോർജിൻറെ അറസ്‌റ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നായിരുന്നു കെ സുരേന്ദ്രൻറെ നിലപാട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.

അതെസമയം എ ആർ ക്യാമ്പിന് മുന്നിൽ എത്തിയപ്പോൾ പി സി ജോർജ്ജിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തുടർന്ന് എ ആർ ക്യാമ്പിലേക്ക് പി സി ജോർജിനെതിരായ പ്രകടനവും നടത്തി. കേസെടുത്ത സർക്കാർ നടപടി വിദ്വേഷപ്രചാരകർക്കുള്ള വ്യക്തമായ സന്ദേശമാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

പി സി ജോർജിനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News