Angelina Jolie: യുക്രൈന്‍ സന്ദര്‍ശിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി

യുക്രെയ്നില്‍(Ukraine) അപ്രതീക്ഷ സന്ദര്‍ശനം നടത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി(Angelina Jolie). ലിവിവ് പ്രദേശത്താണ് ആഞ്ജലീന സന്ദര്‍ശനം നടത്തിയത് എന്ന് ലിവീവ് റീജിയണല്‍ ഗവര്‍ണര്‍ മാക്സിം കോസിറ്റ്സ്‌കി ടെലിഗ്രാമിലൂടെ അറിയിച്ചു. അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ സമിതിയില്‍ 2011 മുതല്‍ ആഞ്ജലീന പ്രത്യേക പ്രതിനിധിയാണ്.

ലിവിവില്‍ എത്തിയ താരം ഏപ്രില്‍ ആദ്യ വാരം ക്രാമാറ്റോര്‍സ്‌ക് റെയില്‍വേ സ്റ്റേഷനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ നേരില്‍ കാണുകയും, ലിവിവിലെ അഭയാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തിരുന്നതായി ലിവീവ് ഗവര്‍ണര്‍ പറഞ്ഞു. കുട്ടികളുടെ അവസ്ഥ അവരെ വേദനിപ്പിച്ചു എന്നും അവരുടെ സ്വപ്നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ഗവര്‍ണര്‍ അറിയിച്ചു.

തുടര്‍ന്ന് ലിവിവിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന അഭയാര്‍ത്ഥികളുമായും അവിടെ വൈദ്യസഹായവും കൗണ്‍സിലിംഗും നല്‍കുന്ന സന്നദ്ധപ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഈ സന്ദര്‍ശനം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. ലിവിവ് മേഖലയില്‍ താരത്തെ കണ്ട പലര്‍ക്കും അത് ശരിക്കും അവരാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല . എന്നാല്‍ ഫെബ്രുവരി 24 മുതല്‍, അവിശ്വസനീയമായ ഒരുപാട് കാര്യങ്ങള്‍ ഇവിടെ ഉണ്ടെന്ന് യുക്രെയ്ന്‍ ലോകത്തെ മുഴുവന്‍ കാണിച്ചു.’ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like