
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് സേതുരാമയ്യരെ കാത്തിരുന്നത്. ആരാധകരെ ഒട്ടും നിരാശരാക്കിയില്ലെന്ന് മാത്രമല്ല, കൂടുതല്‍ ത്രില്ലടിപ്പിക്കുന്നതാണ് സിബിഐ 5- ദി ബ്രെയ്ന്‍(CBI 5- The Brain). ഒരേ സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങളില്‍ ഒന്നിക്കുന്നത് തന്നെയാണ് സി.ബി.ഐ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒന്നാന്തരം ത്രില്ലര്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍. ക്ലൈമാക്‌സ് ഞെട്ടിച്ചു എന്നും ഒരു കൂട്ടര്‍ പറയുന്നു. ‘സേതുരാമയ്യരാ’യി മമ്മൂട്ടി(Mammootty) ഗംഭീരമായി എന്ന് ചിത്രം കണ്ടവര്‍ പറയുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഫ്‌ലാഷ് ബാക്കിലൂടെയാണ് ചിത്രത്തില്‍ സേതുരാമയ്യരുടെ കേസന്വേഷണം അവതരിപ്പിച്ചിരിക്കുന്നത്.
സി.ബി.ഐയെ(CBI) ഏറ്റവും കുഴപ്പിച്ച ഒരു കേസ് ഏങ്ങനെ സേതുരാമയ്യരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു എന്നതിനെ മുന്‍നിര്‍ത്തിയാണ് കഥ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ മന്ത്രിയുടെ മരണവും പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങളും പൊലീസിനെ കുഴയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിലൂടെയാണ് സി.ബി.ഐയുടെ വരവിന് വഴിയൊരുങ്ങുന്നത്. രണ്ടാം പകുതിയില്‍ കേസന്വേഷണം പുരോഗമിക്കുന്തോറും പ്രേക്ഷകരെ കൂടുതല്‍ ത്രില്ലടിപ്പിക്കാന്‍ ചിത്രത്തിനായി. സീരിസിലെ മുന്‍ ചിത്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ തന്നെയാണ് കഥയുടെ മുന്നേറ്റം.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി എത്തുന്നത്. സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തുവരുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവിന്റെ സംവിധാനത്തില്‍ 1988 ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലൂടെയാണ് സി.ബി.ഐ സീരിസിന്റെ തുടക്കം. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നിവയും പുറത്തിറങ്ങി. സീരീസിലെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ വിക്രം എന്ന ഉദ്യോഗസ്ഥനായെത്തിയ ജഗതി ശ്രീകുമാര്‍ ഇത്തവണയും സി.ബി.ഐ 5 ദി ബ്രെയിനില്‍ ഉണ്ടാകുമെന്നതും പ്രേക്ഷകര്‍ക്ക് ചിത്രത്തിനായി കാത്തിരിക്കാനുള്ള പ്രധാന കാരണമായി മാറി.
മാനറിസങ്ങളിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി മികവ് പുലര്‍ത്തിയതിനാല്‍ ഇത്രയും വര്‍ഷത്തെ ഇടവേള പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. നെറ്റിയില്‍ കുങ്കുമക്കുറിയുമായി, കൈകള്‍ പിറകില്‍ കെട്ടി, ഫാഫ് സ്ലീവ് ഷര്‍ട്ടുമിട്ട് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയെത്തുന്ന സേതുരാമയ്യരെ തിലശീലയില്‍ വീണ്ടും കാണാനായത് ആരാധകരെ ആവേശത്തിലാക്കി. മുകേഷ്, രഞ്ജി പണിക്കര്‍, ജഗതി ശ്രീകുമാര്‍, ആശാ ശരത്ത്, അന്‍സിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാര്‍, സൗബിന്‍, സുരേഷ് കുമാര്‍, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, കൊല്ലം രമേശ് എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അന്വേഷണ സംഘത്തിലുള്ള രഞ്ജി പണിക്കര്‍, പിഷാരടി, അന്‍സിബ തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങള്‍ ഭദ്രമായി കൈകാര്യം ചെയ്തു. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ ആശാ ശരത്തിനും സായ് കുമാറിനുമായി. ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വീണ്ടും ചാക്കോയെയും സേതുരാമയ്യരെയും വിക്രമിനെയും ഒരു ഫ്രെയിമില്‍ കാണാനായത് പ്രേക്ഷകര്‍ക്ക് വിരുന്നായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here