
രാജ്യത്ത് കൊവിഡ് (covid) കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ.(icmr)
ജില്ലാ തലങ്ങളിൽ കൊവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ന്യൂസ് ഏജൻസിയായ ഐ.എ.എൻ.എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ തലങ്ങളിൽ കൊവിഡ് കണക്കുകളിൽ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളത് നാലാം തരംഗം അല്ലെന്നു പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അതിലാദ്യത്തേത്, പ്രാദേശിക തലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്ന് അദ്ദേഹം പറയുന്നു.
ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കൊവിഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല എന്നും പാണ്ഡ പറയുന്നു.കൊവിഡ് കൂടുന്നതിന് അനുസരിച്ച് ഹോസിപിറ്റൽ അഡ്മിഷൻ കൂടുന്നില്ല എന്നതാണ് മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാലാമത്തേത് ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല എന്നതുമാണ്. ഇവയെല്ലാം രാജ്യത്ത് നിലവിലുള്ളത് നാലാംതരംഗം അല്ല എന്നതിന് ഉദാഹരണങ്ങളാണെന്ന് പാണ്ഡ പറയുന്നത്.
കൊവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗിബ്രിയൂസിസ് ആണ് കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് നൽകിയത്.
ഇത് മഹാമാരിയുടെ മറ്റൊരു ഘട്ടമാണെന്നും നിലവിൽ ഇപ്പോഴും അതിന്റെ മധ്യത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാമിന്റെ ടെക്നിക്കൽ ലീഡായ മരിയ വാൻ ഖെർഖോവും പറയുകയുണ്ടായി. ഇപ്പോഴും കൊവിഡ് ആഗോള പ്രശ്നമാണെന്നും അവർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here