Veena George : ഭക്ഷ്യ വിഷബാധ ; അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

കാസര്‍ഗോഡ് (Kasaragod) ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണ മടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (veena george ) ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 15 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.

ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ കൂള്‍ബാര്‍ അടച്ചുപൂട്ടി. വിഷയത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ഇടപെട്ടാണ് കട പൂട്ടിച്ചത്. കടയില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.കഴിഞ്ഞ ദിവസം ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് കുട്ടികള്‍ ഷവര്‍മ കഴിച്ചത്.

ചെറുവത്തൂര്‍ ബസ് സ്റ്റാഡിന് സമീപത്താണ് ഈ കൂള്‍ബാര്‍ സ്ഥിതി ചെയ്യുന്നത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ കൂള്‍ബാറിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here