അകാലനര മാറ്റാം

യുവാക്കളെയും വാര്‍ധക്യത്തിന്റെ പടിക്കലെത്തി നില്‍ക്കുന്നവരെയും ഒരുപോലെ നിരാശപ്പെടുത്തുന്ന സൗന്ദര്യപ്രശ്നമാണ് അകാല നര. ഇവരുടെ മനോസംഘര്‍ഷം ലഘൂകരിക്കുന്നതിനായി പല പരിഹാര മാര്‍ഗങ്ങളും ആയുര്‍വേദത്തില്‍ പറയുന്നു. 40-45 വയസിനുശേഷം പലരിലും തലമുടി നരയ്ക്കാറുണ്ട്. പ്രായാധിക്യം മൂലം മുടിയിലെ കോശങ്ങള്‍ക്കുണ്ടാവുന്ന സ്വാഭാവിക പരിവര്‍ത്തനമാണിത്. ഇതിനെ ഒരു രോഗാവസ്ഥയായി കണക്കാക്കേണ്ടതില്ല. എന്നാല്‍ 30 – 35 വയസിലോ അതിന് മമ്പോ ഒരാളില്‍ മുടിയുടെ സ്വാഭാവിക നിറത്തിനു പകരം വെളുപ്പുനിറം കാണുകയാണെങ്കില്‍ അതിനെ അകാലനര എന്നു പറയുന്നു. പിത്തപ്രകൃതിയുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആയുര്‍വേദ ശാസ്ത്രദൃഷ്ട്യാ ക്രോധം, ശോകം, ഭയം, ഭ്രമം ഇവകൊണ്ടുണ്ടാകുന്ന ശരീരോഷ്മാവും പിത്തവും തലയോട്ടിയിലെ രോമകൂപങ്ങളെ പചിപ്പിച്ച് അകാലനര ഉണ്ടാക്കുന്നു. എന്നവ ഇവയില്‍ പ്രകടമായിരിക്കും.

ആഹാരവും അകാലനരയും

– പിത്തവര്‍ധകങ്ങളായ എരിവ്, പുളി, ഉപ്പ് ഇവ കൂടുതലായി ഉപയോഗിക്കുന്നവരില്‍ അകാലനരയ്ക്കുള്ള സാധ്യത കൂടുതലാണ്.
– ചായ, കാപ്പി, മദ്യം, മാംസം, വറുത്ത ആഹാരപദാര്‍ഥങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗം അകാലനരയ്ക്ക് കാരണമാകാം.

– അകാലനരയുടെ മറ്റൊരു പ്രധാന കാരണമാണ് അപൂര്‍ണപോഷണം. പോഷകാഹാരക്കുറവ് ധാതുപുഷിടി കുറയ്ക്കുകയും അതുവഴി കോശരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ആധുനിക ശാസ്ത്രമനുസരിച്ച് മുടിയുടെ വേരിലടങ്ങിയിരിക്കുന്ന മെലാനിന്‍ എന്ന ഘടകമാണ് മുടിക്ക് കറുപ്പുനിറം നല്‍കുന്നത്. പ്രായം കൂടുമ്പോള്‍ മെലാനിന്റെ ഉല്‍പാദനം കുറയുന്നതാണ് മുടിനരയ്ക്കാന്‍ കാരണമാകുന്നത്. വിഷാദം, ടെന്‍ഷന്‍ എന്നിവയും മെലാനിന്റെ അളവ് കുറയ്ക്കുന്നു. അകാലനര ഒരു രോഗാവസ്ഥ മാത്രമല്ല, മറ്റുരോഗങ്ങളുടെ ലക്ഷണം കൂടിയാവാം. വിറ്റിലിഗോ, വെര്‍ണര്‍ സിന്‍ഡ്രോം, അലോപേഷ്യാ അറേറ്റ, വിറ്റാമിന്‍ ബി12 ന്റെ കുറവ് എന്നീ അവസ്ഥകളിലും അകാലനര ഉണ്ടാകാറുണ്ട്. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം അകാലനരയ്ക്ക് കാരണമാകാം. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അസുഖം മൂലവും ചില ശക്തിയേറിയ മരുന്നുകളുടെ നിരന്ത ഉപയോഗവും അകാലനരയുടെ ഹേതുക്കളാണ്. നര മുടിയുടെ എല്ലാ കോശങ്ങളിലും പെട്ടെന്ന് ഒരുപോലെ കണ്ടുവരുന്ന രോഗമല്ല. ആദ്യം നെറ്റിയുടെ ഇരുവശങ്ങളിലും ശംഖമര്‍മത്തിന് അടുത്തായി ആരംഭിച്ച് തുടര്‍ന്ന് ഉച്ചിയിലേക്കും പിന്നീട് തലയുടെ പിന്‍വശത്തേക്കും വ്യാപിക്കുന്നു. നര തലയോട്ടിയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെങ്കില്‍ ചികിത്സിച്ചു മാറ്റാന്‍ പ്രയാസമാണ്.

ചികിത്സകള്‍ എന്തൊക്കെ ?

ശിരോരോഗങ്ങള്‍ക്ക് ആയുര്‍വേദം പ്രധാനമായി നിര്‍ദേശിച്ചിരിക്കുന്നത് മൂര്‍ധതൈലവിധിയാണ്. മൂര്‍ധതൈലപ്രയോഗം ചെയ്താല്‍ കഷണ്ടിയും നരയും മുടി കൊഴിച്ചിലും ഉണ്ടാവുകയില്ല. വിശേഷിച്ച് തലയോടിന് ബലം വര്‍ധിക്കുന്നു. വേരുറച്ചതും നീളമുള്ളതും കറുത്തതുമായ തലമുടിയുണ്ടാകുന്നു. ശിരോധാര, ശിരോവസ്തി, ശിരോഅഭ്യംഗം, പരിഷേകം, നസ്യം, ലേപനം, ആന്തരിക ഔഷധപ്രയോഗങ്ങള്‍ എന്നിവ പാലിത്യചികിത്സയില്‍ ഉള്‍പ്പെടുത്തണം. രോഗാവസ്ഥയ്ക്ക് യുക്തമായ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഇത് നാഡീദൗര്‍ബല്യത്തെ കുറയ്ക്കുകയും നാഡീ അഗ്രങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പിത്തഹരദ്രവ്യങ്ങളാല്‍ സംസ്‌കരിച്ച തൈലം ഇതിനായി ഉപയോഗിക്കാം.

വീട്ടില്‍ ചെയ്യാവുന്നത്

– ചെമ്പരത്തിപ്പൂവ് അരച്ചു കലക്കി എണ്ണ കാച്ചുക. ഇതില്‍ കയ്യ്യൂണ്യാദി കേര തൈലം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക.
– വിഷ്ണുക്രാന്തി ആവണക്കെണ്ണയില്‍ കാച്ചി തലയില്‍ തേക്കുക.
– പശുവിന്‍പാലില്‍ നിന്നെടുക്കുന്ന വെണ്ണ തലയോട്ടിയില്‍ നന്നായി അഭ്യംഗം ചെയ്യുക.
– കറ്റാര്‍ വാഴ, കറിവേപ്പ്, കയ്യുണ്യം, കീഴാര്‍നെല്ലി ഇവ ചേര്‍ത്ത് എണ്ണ കാച്ചുക. ഇത് ശിരോഭ്യംഗത്തിന് ഉപയോഗിച്ചാല്‍ അകാല നര മാറുന്നതാണ്.
– രണ്ടു ചെമ്പരത്തിപ്പൂവും രണ്ടു നെല്ലിക്കയും കൂട്ടി അരച്ചെടുത്ത് മുടിയില്‍ പുരട്ടിയാല്‍ അകാല നര മാറാന്‍ സഹായിക്കും.
– നെല്ലിക്ക തണുത്ത കഞ്ഞിവെള്ളത്തില്‍ കുതിര്‍ത്ത് അരിച്ച് താളിയായി ഉപയോഗിക്കാം.
– ചെമ്പരത്തയില, പൂവ്, കുറുന്തോട്ടിയില ഇവ ചതച്ച് താളിയാക്കി തേച്ചുകുളിക്കുക.
– നെല്ലിക്ക, കടുക്ക, സോപ്പിന്‍ കായ് ഇവയിട്ട വെള്ളം തിളപ്പിച്ച് തല കഴുകുന്നത് പെട്ടെന്ന് നര വരാതിരിക്കാന്‍ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here