
ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു രാജ്യത്തെവിടെ ഇറങ്ങിയാലും അറസ്റ്റ്‌ചെയ്യാൻ മുഴുവൻ വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.അന്വേഷണവുമായി സഹകരിക്കണമെന്ന് വിജയ് ബാബുവിനോട് ഇ -മെയിൽ വഴിയും വിദേശത്തും നാട്ടിലുമുള്ള സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യക്ക് നേരിട്ട് നോട്ടീസ് നൽകിയെന്നും സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.ചെന്നൈയിൽ എത്തിയെന്ന് വാർത്ത ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഇന്ത്യയിൽ എത്തിയിട്ടില്ല. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ അറസ്‌റ്റിന് തടസമല്ലെന്ന് കമീഷണർ പറഞ്ഞു.
സിനിമ മേഖലയിലുള്ളവരും ഹോട്ടൽ ജീവനക്കാരുമടക്കം എട്ടുപേരുടെ മൊഴിയെടുത്തു.ഓഫീസിലെത്തിയ തന്നെ, സമ്മതമില്ലാതെ വിജയ്‌ബാബു ചുംബിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ വിജയ് ബാബുവിനെ (vijay babu) സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം.
വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു.നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നൽകിയിരുന്നു.
വിഷയത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം.
വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങൾ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തു.
വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടാണ് അമ്മ യോഗത്തിൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജും ശ്വേതാ മേനോനും സ്വീകരിച്ചത്. പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചത്.
വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here