Vijay Babu: വിജയ് ബാബു വിഷയം; അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി പുറത്തേക്ക്; കൂടുതല്‍ പേര്‍ രാജി വച്ചേക്കും

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ (Vijay Babu) നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി(Mala Parvathy) രാജിവച്ചു. രാജിക്കത്ത് അമ്മയ്ക്ക് മെയില്‍ ചെയ്തു. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് രാജി നല്‍കിയത്. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമര്‍ഷം ഉയര്‍ന്നത്.

അമ്മ(AMMA) ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിയോജിപ്പ് ഉണ്ടെന്ന് മാല പാര്‍വതി പറഞ്ഞു. കേവലം ഒരു പരാതി പരിഹാര സമിതി മാത്രമല്ല ICCയെന്നും പീഡനങ്ങള്‍ തടയുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും മാല പാര്‍വതി പറഞ്ഞു. അംഗങ്ങളെല്ലാം ഉചിതമായി പെരുമാറേണ്ടത് ഉറപ്പു വരുത്തേണ്ടതുമുണ്ട്. അതിനാല്‍ കമ്മിറ്റി എന്നത് വലിയ ഉത്തരവാദിത്തമാണ്. പക്ഷേ, ഈ സാഹചര്യത്തില്‍ എന്റെ മനസ്സാക്ഷിക്കനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും കൂടുതല്‍ വിശദീകരണം പിന്നീട് നല്‍കാമെന്നും മാല പാര്‍വതി പറഞ്ഞു.

വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലിയാണ് ‘അമ്മ’ സംഘടനയില്‍ തര്‍ക്കം ഉണ്ടായത്. വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം. നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലികളുടെ വാദം. അവസാനം ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ മറുപടി പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ സംഘടനയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്.

പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ്ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സനായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

ഇതിനിടെ ദുബൈയില്‍ ഒളിവിലുള്ള നടനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പൊലീസ് ഊര്‍ജിതമാക്കി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News