Vaccine : കൊവിഡ് വാക്സിൻ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി

കൊവിഡ് ( covid )പ്രതിരോധ വാക്സിൻ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി ( Supreme Court ) . സര്‍ക്കാരിന്‍റെ വാക്സിന്‍ ( Vaccine ) നയത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും വാക്സിന്‍ എടുക്കാത്തതിന്‍റെ പേരില്‍ ആരെയും പൊതു ഇടങ്ങളില്‍ വിലക്കരുതെന്നും സുപ്രീംകോടതി വിധിച്ചു.  വാക്സിന്‍ എടുക്കുന്നതുപോലെ തന്നെ വാക്സിന്‍ എടുക്കാതിരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ട്.

അതിനാല്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കാനാകില്ല.  വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ ആരെയങ്കിലും പൊതു ഇടങ്ങളില്‍ വിലക്കാനോ, അവര്‍ക്കെതിരെ വിലക്കുകള്‍ പ്രഖ്യാപിക്കാനോ സാധിക്കില്ല. അത്തരത്തില്‍ എന്തെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അത് പിന്‍വലിക്കാനും ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.

വാക്സിന്‍ നിര്‍ബന്ധിച്ച് കുത്തിവെക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി. വാക്സിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. വാക്സിനുകള്‍ക്കെതിരെ ഹര്‍ജിക്കാര്‍ നല്‍കിയ വിവരങ്ങള്‍ തള്ളിക്കളയാന്‍ എന്തെങ്കിലും പഠന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരും നല്‍കുന്നില്ല.

അതിനാല്‍ വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്‍റെ വാക്സിന‍് നയത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി കൊവിഡ് ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പൊതുതാല്പര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സമില്ലെന്നും വ്യക്തമാക്കി.

കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം മുവായിരത്തിന് മുകളില്‍ തുടരുകയാണ്. കഴി‍ഞ്ഞ 24 മണിക്കൂറില്‍ 3157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ രോഗം ബാധിച്ചവരുടെ  എണ്ണത്തില്‍ 41 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് കൊവിഡ് (covid) കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡെ(icmr) പറഞ്ഞിരുന്നു

ജില്ലാ തലങ്ങളിൽ കൊവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ രാജ്യം നാലാം തരം​ഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ന്യൂസ് ഏജൻസിയായ ഐ.എ.എൻ.എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ തലങ്ങളിൽ കൊവിഡ് കണക്കുകളിൽ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ളത് നാലാം തരം​ഗം അല്ലെന്നു പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അതിലാദ്യത്തേത്, പ്രാദേശിക തലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കൊവി‍ഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല എന്നും പാണ്ഡ പറയുന്നു.കൊവിഡ് കൂടുന്നതിന് അനുസരിച്ച് ഹോസിപിറ്റൽ അഡ്മിഷൻ കൂടുന്നില്ല എന്നതാണ് മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാലാമത്തേത് ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല എന്നതുമാണ്. ഇവയെല്ലാം രാജ്യത്ത് നിലവിലുള്ളത് നാലാംതരം​ഗം അല്ല എന്നതിന് ഉദാഹരണങ്ങളാണെന്ന് പാണ്ഡെ പറയുന്നത്.

കൊവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത കൈവിടാറായിട്ടില്ലെന്നും അടുത്തിടെ ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ​ഗിബ്രിയൂസിസ് ആണ് കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് നൽകിയത്.

ഇത് മഹാമാരിയുടെ മറ്റൊരു ഘട്ടമാണെന്നും നിലവിൽ ഇപ്പോഴും അതിന്റെ മധ്യത്തിലാണെന്നും ലോകാരോ​ഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോ​ഗ്രാമിന്റെ ടെക്നിക്കൽ ലീഡായ മരിയ വാൻ ഖെർഖോവും പറയുകയുണ്ടായി. ഇപ്പോഴും കൊവിഡ് ആ​ഗോള പ്രശ്നമാണെന്നും അവർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News