ADVERTISEMENT
നീണ്ട നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സി.ബി.ഐ അഞ്ചാം ഭാഗം തീയേറ്ററുകളിൽ എത്തിയത്. എന്നാൽ കാത്തിരുന്നവർക്ക് നിരാശപ്പെടേണ്ടി വന്നില്ല നിറയെ ട്വിസ്റ്റുകളുമായി സേതുരാമയ്യർ പുതിയ കേസും തെളിയിച്ചിരിക്കുകയാണ്.
രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായി മമ്മൂട്ടിയെ കാണാനുള്ള ആകാംക്ഷയും, വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് അറിയുവാനുള്ള കാത്തിരിപ്പും, അതോടൊപ്പം പുതിയ കുറ്റാന്വേഷണത്തിന്റ ആകാംക്ഷയും എല്ലാം കൂടിയായി മൊത്തത്തിൽ സിനിമക്ക് തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ നാല് സീസണുകളിലും മലയാളികളെ ത്രില്ലടിപ്പിച്ച ആ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ തന്നെയാണ് ഇത്തവണയും സേതുരാമയ്യർ കേസന്വേഷണവുമായി മുൻപോട്ട് പോകുന്നത്.
1988ൽ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ ആണ് സീരീസിലെ ആദ്യഭാഗം. തുടർന്ന് 1989ൽ രണ്ടാംഭാഗം ‘ജാഗ്രത’യും, 2004ൽ ‘സേതുരാമയ്യർ സി.ബി.ഐ’യും, 2005ൽ ‘നേരറിയാൻ സി.ബി.ഐ’യും എത്തി. 2005ൽ പുറത്തിറങ്ങിയ നേരറിയാൻ സി.ബി.ഐ എന്ന നാലാം ഭാഗത്തിന് ശേഷം അടുത്ത ഭാഗത്തിനായി പ്രേക്ഷകർ വീണ്ടും കാത്തിരുന്നു. അത്തരത്തിൽ നീണ്ട പതിനേഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ‘സി.ബി.ഐ -5 ദി ബ്രെയിൻ’ എന്ന അഞ്ചാം ഭാഗം ഇറങ്ങുന്നത്.
രണ്ടാം പകുതിയിലാണ് ചിത്രം പ്രേക്ഷകരെ കൂടുതലായി എൻഗേജ് ചെയ്യിപ്പിക്കുന്നത്. അവസാനത്തെ 15 മിനിറ്റ് സിനിമ അതിന്റെ ട്വിസ്റ്റും വെളിപ്പെടുത്തുന്നു. ആര്, എങ്ങനെ, എന്തിന് എന്നീ മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരം പഴുതില്ലാതെ തന്നെ അയ്യർ തെളിയിക്കുമ്പോഴും, സി.ബി.ഐയെ ഏറ്റവും അധികം കുഴപ്പിച്ച കേസ് എന്ന സിനിമയിലെ എടുത്തു പറഞ്ഞ വിശേഷണത്തിലെ ആ അലങ്കാരം അല്പം കൂടിപോയി എന്നാണ് തോന്നുന്നത്. അതിന്റേതായ യാതൊരുവിധ പ്രതീതിയും പ്രേക്ഷകർക്ക് അനുഭവപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.