ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനം മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാണ് തീർക്കുന്നത്. ഏതോ അപരിചിതനു വേണ്ടി…ഏതോ മതക്കാരനു വേണ്ടി…
ഏതോ മനുഷ്യന് വേണ്ടി..ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം….
“വൈകുന്നേരം ചായ കുടിക്കാൻ” എന്ന് കവറിന് പുറത്ത് എഴുതിയിട്ടുണ്ട്. വർഗീയവാദികൾ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവും എന്ന് ആ ചിത്രം പങ്കുവച്ച് എ എ റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.
വയറെരിയുന്നവരുടെ മിഴി നിറയരുത് എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി പൊതിച്ചോർ വിതരണം ഡിവൈഎഫ്‌ഐ ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആശുപത്രിക്കുസമീപത്തെ ഹോട്ടലുകൾ പൂർണമായും അടച്ചിരുന്നു. തുടർന്നാണ് രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും വിശപ്പകറ്റാനുള്ള പ്രവർത്തനം ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്.
ഒരുദിവസംപോലും മുടക്കാതെ മെഡിക്കൽ കോളേജിൽ പൊതിച്ചോർ എത്തിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികൾക്കാണ് ഓരോ ദിവസത്തെയും ഭക്ഷണവിതരണത്തിന്റെ ചുമതല. നിശ്ചയിക്കപ്പെട്ട ദിവസം അതത് കമ്മിറ്റി പ്രവർത്തകൾ പ്രദേശത്തെ വീടുകളിൽനിന്നാണ് പൊതിച്ചോർ ശേഖരിക്കുന്നത്.
രാഷ്ട്രീയ ഭേദമെന്യേ പദ്ധതിക്ക് വലിയ പിന്തുണ ലഭിച്ചു. ഇലയിലാണ് മിക്ക വീടുകളിൽനിന്നും ചോറും കറികളും പൊതിഞ്ഞുവാങ്ങുന്നത്.വീടുകളിലുണ്ടാക്കിയ പൊതിച്ചോറിന് ആവശ്യക്കാരും ഏറെയാണ്.
വാഴയിലയിൽ സ്നേഹവും കരുതലും ചേർത്ത് ഹൃദയപൂർവം പൊതിച്ചോർ വിളമ്പിത്തുടങ്ങിയിട്ട് 4 വർഷം പിന്നിട്ടു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന പൊതിച്ചോർ പദ്ധതിക്ക് നാടിന്റെയാകെ പിന്തുണയുണ്ട്. ജാതിയോ, മതമോ, രാഷ്ട്രീയമോ ചികയാതെ വിശപ്പിന്റെ വിളിക്കുള്ള മറുപടിയായി പൊതി കെട്ടി നൽകുന്നത് സാധാരണക്കാരാണെന്നതും ശ്രദ്ധേയമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.