Mutton Mandi: ഈദിന് ഒരു കിടക്കാച്ചി മട്ടൻ മന്തി ആയാലോ?

പെരുന്നാളിന് പല തരത്തിലുള്ള ബിരിയാണികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ഇത്തവണത്തെ ഈദിന് ഒരു കിടക്കാച്ചി മട്ടൻ മന്തി(Mutton Mandi) ആയാലോ…

മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

മല്ലി – ഒരു ടേബിൾ സ്പൂൺ
ജാതിക്ക – ഒന്നിന്റെ പകുതി
ഏലക്ക – 6
കുരുമുളക് – രണ്ട് ടീസ്പൂൺ
കറുവപ്പട്ട – ഒരു ചെറിയ കഷ്ണം
പെരുംജീരകം – ഒരു ടീസ്പൂൺ
നല്ല ജീരകം – അര ടീസ്പൂൺ
ഗ്രാമ്പു – 4 എണ്ണം
തക്കോലം – ഒന്നിന്റെ പകുതി
വഴനയില – 1
വറ്റൽമുളക് – 3 എണ്ണം
ഉണങ്ങിയ നാരങ്ങ – 1
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചേർക്കാതെ മസാലകൾ നല്ല മണം വരുന്നതുവരെ വറക്കുക. ചൂടാറുമ്പോൾ മിക്സിയിലിട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക.

മന്തി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

മട്ടൻ – ഒരു കിലോഗ്രാം
ബസ്മതി അരി – 2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 3 ടേബിൾ സ്പൂൺ
സവാള – 2 വലുത്
വലിയ പച്ചമുളക് – 5
തക്കാളി – 1 വലുത്
മല്ലിയില- ഒരു ടേബിൾ സ്പൂൺ
പുതിനയില – ഒരു ടേബിൾ സ്പൂൺ
പച്ചമുളക് – 6
പാചകം ചെയ്യുന്ന വിധം

മട്ടൻ വലിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. തയാറാക്കിയ മസാല, മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ടു മണിക്കൂർ വയ്ക്കുക. തലേദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.
ചുവട് കട്ടിയുള്ള ഒരു വലിയ പാത്രത്തിൽ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ ഒരു സവാള വഴറ്റുക. സവാള ബ്രൗൺ നിറമായി തുടങ്ങുമ്പോൾ മല്ലിയില, പുതിനയില, രണ്ടു വലിയ പച്ചമുളക് അരിഞ്ഞത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, തക്കാളി ഇവ ചേർത്ത് വഴറ്റുക. തക്കാളി വെന്ത് ഉടയുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന മട്ടൺ ചേർത്ത് ഇളക്കുക. നാലു കപ്പ് തിളച്ച വെള്ളവും ചേർത്ത് അടച്ചുവച്ച് ഒരു മണിക്കൂർ വേവിക്കുക. ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കണം.
നന്നായി വെന്തു കഴിയുമ്പോൾ മട്ടൻ കഷ്ണങ്ങൾ കോരി മാറ്റുക. അധികംവരുന്ന ഗ്രേവി ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.
ബസ്മതി അരി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
രണ്ട് കപ്പ് ബസ്മതി അരി വേവിക്കാൻ നാല് കപ്പ് വെള്ളം ആണ് വേണ്ടത്. അരിച്ചെടുത്ത ഗ്രേവിയിൽ ബാക്കി വെള്ളം കൂടി ചേർത്ത് 4 കപ്പ് ആക്കുക.
മന്തി തയാറാക്കാനുള്ള പാത്രത്തിൽ മട്ടൻ ഗ്രേവിയും വെള്ളവും കൂടി തിളപ്പിക്കുക. മൂന്നോ നാലോ വലിയ പച്ചമുളകും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ അരി ചേർത്തു കൊടുക്കാം. അടച്ചു വച്ച് ചെറിയ തീയിൽ 10 മുതൽ 12 മിനിറ്റ് വരെ വേവിക്കുക.
ഒരു ഫ്രൈ പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി മട്ടൻ കഷ്ണങ്ങൾ രണ്ടുവശവും മൊരിച്ചെടുക്കുക.
വെന്ത ചോറിനു മുകളിൽ മട്ടൻ കഷ്ണങ്ങൾ നിരത്തുക.
കടയിൽ നിന്നും കിട്ടുന്ന രുചി കിട്ടാനായി ഒരു ചെറിയ പാത്രത്തിൽ ഒരു കഷ്ണം ചാർക്കോൾ കത്തിച്ചു അൽപം എണ്ണ കൂടി ഒഴിച്ച് പുകഞ്ഞു തുടങ്ങുമ്പോൾ മന്തി പാത്രത്തിലേക്ക് ഇറക്കിവച്ച് പാത്രം അടയ്ക്കുക. തീ കത്തിക്കേണ്ട ആവശ്യമില്ല.
15 മിനിറ്റ് കഴിയുമ്പോൾ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News