
ചായ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലര്‍ക്കും ദിവസത്തില്‍ കൃത്യമായ ഇടവേളകളില്‍ ചായ ലഭിച്ചില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയുമാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ചായ കുടിക്കുന്ന ശീലമുള്ളവരാണ് പലരും. ഇന്നാകട്ടെ ചായയുടെ വ്യത്യസ്ത തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഇവയുടെ എല്ലാം ഗുണങ്ങള്‍ എന്താണെന്ന് എത്ര പേര്‍ക്ക് അറിയാം. ഇവിടെയിതാ ചായയുടെ ഏഴു വൈവിധ്യങ്ങളും അവയുടെ ഗുണങ്ങളും.
ഗ്രീന്‍ ടീ
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ചായയാണ് ഗ്രീന്‍ ടീ. തേയില ഇലകളില്‍ നിന്ന് നേരിട്ട് ആവിയില്‍ ഉണ്ടാക്കുന്ന ചായയാണ് ഗ്രീന്‍ ടീ. മോളിക്യൂളുകള്‍ക്കെതിരെ പോരാടുന്ന ആന്റി ഓക്‌സിഡന്റായ ഇജിസിജി ധാരാളമായി അടങ്ങിയിട്ടുണ്ട് ഗ്രീന്‍ ടിയില്‍. മൂത്രാശയ അര്‍ബുദം, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ഉദര സംബന്ധമായ അസുഖങ്ങള്‍ എന്നിവയടക്കം പല രോഗങ്ങള്‍ക്കും ഗ്രീന്‍ ടീ പ്രതിവിധിയാകുന്നു. അള്‍ഷിമേഴ്‌സ് തടയുന്നതിലും ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് അതൊഴിവാക്കാനും ഗ്രീന്‍ ടീ ഏറെ നല്ലതാണ്.
ബ്ലാക്ക് ടീ
കടുംചായ എന്ന് നല്ല മലയാളത്തില്‍ അറിയപ്പെടുന്ന ബ്ലാക്ക് ടീ അഥവാ കടുംചായ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. പലര്‍ക്കും പാലൊഴിച്ച ചായയേക്കാള്‍ ഇഷ്ടം കടുംചായയോട് ആണുതാനും. കഫേന്റെ സാന്നിധ്യം കൂടിയതാണ് കടുംചായയെ സ്വാദിഷ്ടമാക്കുന്നത്. പുകവലിക്കാരില്‍ ശ്വാസകോശത്തിനുണ്ടാകുന്ന തകരാറുകള്‍ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ കടുംചായ സഹായിക്കുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.
ഉണക്കയില ചായ
വെയിലത്തോ അല്ലെങ്കില്‍ ഓക്‌സിഡേഷന്‍ വഴിയോ ഉണക്കിയെടുക്കുന്ന തേയില ഉപയോഗിച്ച് ഉണ്ടാക്കുന്ന ചൈനീസ് ചായയാണ് ഓലോംഗ് ടീ. കടുംചായയോട് തുല്യമാണെങ്കിലും പക്ഷേ, ഏറെ നേരം പുളിപ്പിക്കുന്നതിനാല്‍ സ്വാദ് അത്യുത്തമമാണ്. രക്തം കട്ടപിടിക്കുന്നതിന് കാരണമായി പറയപ്പെടുന്ന ഘടകങ്ങളെ അലിയിച്ചു കളയും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
വൈറ്റ് ടീ
അധികം സംസ്‌കരണ നടപടികളിലൂടെ കടന്നു പോകാത്ത വൈറ്റ് ടീ അതുകൊണ്ടു തന്നെ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ചായയാണ്. മൂലധാതുക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാന്‍ വൈറ്റ് ടീ അത്യുത്തമമാണെന്ന് പറയപ്പെടുന്നു. അര്‍ബുദ സാധ്യതയെ കുറയ്ക്കുകയും രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയും തടയുന്നതില്‍ വൈറ്റ് ടീ പ്രധാന പങ്കുവഹിക്കുന്നു.
പ്യൂ എര്‍ ടീ(പുളിപ്പിച്ച ചായ)
ഏറെക്കാലം പുളിപ്പിച്ച് ഉണക്കിയെടുക്കുന്ന തേയില ഉപയോഗിച്ചാണ് പ്യു എര്‍ ടീ ഉണ്ടാക്കുന്നത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് ഇത് സര്‍വസാധാരണമായി കണ്ടുവരുന്നത്. മാനസികാരോഗ്യവും മാനസിക ഉല്ലാസവും വര്‍ധിപ്പിക്കാന്‍ ചായ സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അമിത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ഫ്ളേവേഡ് ടീ
മേല്‍പറഞ്ഞ ബ്ലാക്ക് ടീ, വൈറ്റ് ടീ, ഗ്രീന്‍ ടീ എന്നിവ തന്നെയാണ് ഫ്ളേവേഡ് ടീ. ഒരു വ്യത്യാസം മാത്രം, കറുവാപ്പട്ട, കര്‍പ്പൂരവള്ളി എന്നിവയുടെ ഫ്ളേവറുകള്‍ ചേര്‍ത്താണ് ചായയുണ്ടാക്കുന്നത്. മറ്റു ചായകളിലെ പോലെ തന്നെയാണ് ആന്റി ഓക്‌സിഡന്റുകളുടെ അളവ്. എന്നാല്‍, മേല്‍പറഞ്ഞ ഫ് ളേവറുകളുടെ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമായി സൂക്ഷിക്കാന്‍ ഷുഗര്‍ ഫ്രീ വേരിയന്റുകള്‍ ഉപയോഗിക്കണം.
ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീ എന്നത് ഡ്രൈ ഫ്രൂട്ടുകളുടെയും പൂക്കളുടെയും ആയുര്‍വേദ ഘടകങ്ങളുടെയും സങ്കരമാണ്. ജമന്തിപ്പൂ ചായ, പുതിനാചെടി ചായ എന്നിങ്ങനെ നിരവധി ഹെര്‍ബല്‍ ചായകള്‍ ഇന്ന് ലഭ്യമാണ്. രക്താതിസമ്മര്‍ദം, ഉറക്കത്തിലെ കൂര്‍ക്കംവലി തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഹെര്‍ബല്‍ ടീ ഗുണകരമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here