Fish Biriyani:ഈദ് സ്‌പെഷ്യല്‍ ഫിഷ് ബിരിയാണി..

രുചികരമായ ഫിഷ് ബിരിയാണി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ ചേരുവകള്‍

ബസ്മതി അരി – 2 കപ്പ്

അയില.-. 4 എണ്ണം

സവാള.- .4 എണ്ണം

പച്ചമുളക്- 1 എണ്ണം

വഴനയില – 2 എണ്ണം

കറുവപ്പട്ട – 1 കഷ്ണം

ഗ്രാമ്പൂ – 4 എണ്ണം

ഏലക്ക- 4 എണ്ണം

കുരുമുളക് – 6 എണ്ണം

കുരുമുളക് പൊടി – 1 ടീസ്പൂണ്‍

അണ്ടിപരിപ്പ്- 10 എണ്ണം

മുന്തിരി – ആവശ്യത്തിന്

നെയ്യ് – ആവശ്യത്തിന്

തക്കാളി – 1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 & 1/2 ടേബിള്‍സ്പൂണ്‍

മുളകുപൊടി- 2 ടീസ്പൂണ്‍

മല്ലിപൊടി- 1/4 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍

ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍

ബിരിയാണി മസാല- 1 ടീസ്പൂണ്‍

നാരങ്ങാ നീര്.- 1 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

മല്ലിയില, കറിവേപ്പില, പുതിനയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ഏറ്റവും ആദ്യം നമുക്ക് അരി കഴുകി ഒരു 15 മിനുട്ട് വെള്ളം വാരാന്‍ വക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ്, മുന്തിരി വറുത്തു കോരുക. ബാക്കി നെയ്യില്‍ കുറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, വഴനയില, സ്റ്റാര്‍, കുരുമുളക് എന്നിവ ചേര്‍ത്ത് ഒന്നിളക്കി അരിയും കൂടെ അതിലേക്കിട്ടു ഒന്നൂടെ ഇളക്കുക. ഒരു മിനുട്ട് ചെയ്താല്‍ മതി. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ബിരിയാണിക്ക് നല്ല ടേസ്റ്റ് ഉണ്ടായിരിക്കും. അരി ഒട്ടിപിടിക്കുകയും ചെയ്യില്ല.

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഈ അരി ഇടുക. ബിരിയാണി മസാലയും, ഒരു നുള്ള് ഉപ്പും സ്വല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഒന്നിളക്കി 90% വേവായാല്‍ ഗ്യാസ് ഓഫ് ചെയ്യാം. ഏകദേശം ഒരു 15 മിനുട്ട് വേവിച്ചാല്‍ മതിയാകും.

ആ സമയം നമുക്ക് അയില പൊരിച്ചെടുക്കണം. അയില വൃത്തിയായി കഷ്ണങ്ങളാക്കി 1/2 മണിക്കൂര്‍ മുന്നെ തന്നേ മസാലപുരട്ടി വക്കണം. അതായതു 1 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, 1/2 ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ആവശ്യത്തിനു ഉപ്പ് ചേര്‍ത്താണ് മസാല പുരട്ടി വക്കുന്നത്. ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ഈ മീന്‍ കഷ്ണങ്ങള്‍ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്‌തെടുക്കണം.

ഇനി നമുക്ക് സവാള നീളത്തില്‍ അരിഞ്ഞു ഒരു ചട്ടിയില്‍ ഓയില്‍ ഒഴിച്ച് നല്ല ബ്രൌണ്‍ കളറില്‍ മൂപ്പിച്ചെടുക്കണം.
അതിനുശേഷം നമുക്കൊരു ഗ്രേവി തയ്യാറാക്കണം. ഒരു പാനില്‍ കുറച്ച് ഓയില്‍ ഒഴിച്ച് ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. പച്ചമണം മാറിയാല്‍ സവാള മൂപ്പിച്ചത് പകുതിയിലധികം ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കാം. ബാക്കി വച്ചിട്ടുള്ള മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാലപ്പൊടി, പച്ചമുളക് കീറിയത് , ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ഉപ്പ് വളരെ കുറച്ച് ചേര്‍ത്താല്‍ മതി. കാരണം നമ്മള് എല്ലാ പ്രോസസിങ്ങിലും ഉപ്പ് സ്വല്പം സ്വല്പം ചേര്‍ക്കുന്നുണ്ട്. അത്‌കൊണ്ട് ഉപ്പ് കൂടാന്‍ പാടില്ല. ഇതിലേക്ക് ഒരു തക്കാളിയും മുറിച്ചു ചേര്‍ക്കുക. തക്കാളി വേവായാല്‍ ഫ്രൈ ചെയ്തു വച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ട് നന്നായി ഇളക്കുക. എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം

ഇനി നമുക്ക് ഒരു മഞ്ചട്ടി ചൂടാക്കി സ്വല്പം നെയ്യൊഴിച്ചു ഒന്ന് ചുറ്റിച്ചു കുറച്ച് ചോറിട്ടു അതിനു മുകളില്‍ നമ്മളു റെഡി ആക്കി വച്ചിട്ടുള്ള മീനുംകുറച്ചിട്ടു പിന്നെ അതിനു മുകളില്‍ മാറ്റിവച്ച സവാളയും കുറച്ചിട്ടു പിന്നെ വറുത്തു വച്ച അണ്ടിപരിപ്പും, മുന്തിരിയും,മല്ലിയിലയും, പുതിനയിലയും കുറച്ചിട്ടു, എന്നിട്ട് വീണ്ടും അടുത്ത ലയര്‍ ചോറിട്ടു ഇതേപോലെ തന്നേ ചെയ്യുക. എത്ര ലയര്‍ ആയാലും മുകളില്‍ ചോറ് വരണം. 3 മിനുട്ട് ചെറുതായൊന്നു ചൂടാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here