hema commission report : ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍ പരസ്യപ്പെടുത്തണമെന്ന്  നിര്‍ബന്ധം പിടിക്കുന്നത് തെറ്റായ പ്രവണതയെന്ന് നിയമവിദഗ്ധര്‍

ഹേമ കമ്മിറ്റിയുടെ (hema commission report : ) കണ്ടെത്തല്‍ പരസ്യപ്പെടുത്തണമെന്ന്  നിര്‍ബന്ധം പിടിക്കുന്നത് തെറ്റായ പ്രവണതയെന്ന് നിയമവിദഗ്ധര്‍. കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നത് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരോടുള്ള വഞ്ചനയായി മാറും. അതിനാല്‍ കമ്മിറ്റി റിപ്പോർട്ടിൻ്റെ രഹസ്യാത്മകത സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി WCC അംഗങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആവശ്യമുന്നയിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യത കാത്തു സൂക്ഷിക്കും എന്ന വിശ്വാസത്തിലാണ് പലരും കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്.ഈ സാഹചര്യത്തില്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കുന്നത് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരോടുള്ള വഞ്ചനയായി മാറും.

അതിനാല്‍ കമ്മിറ്റി ശുപാര്‍ശകളുടെ രഹസ്യാത്മകത സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കറ്റ് ഷൈജന്‍ സി ജോര്‍ജ്ജ് വ്യക്തമാക്കി,എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട കമ്മിറ്റിയല്ലാത്തതിനാല്‍ ഹേമ കമ്മിറ്റിയുടെ നടപടികളോ കണ്ടെത്തലോ പരസ്യപ്പെടുത്താനാവില്ലെന്നും അഡ്വക്കറ്റ് ,ഷൈജന്‍ സി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് സാംസ്കാരി വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമതന്നെ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.അതേ സമയം റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്ന് മന്ത്രി പി രാജീവും അറിയിച്ചിരുന്നു.

hema commission report : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല: മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ( hema commission report,  )പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് എഴുതിയ ആള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവും ( P Rajeev ) വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തന്നെയാണ് ആവശ്യമെന്ന് ഡബ്ലിയുസിസി അംഗം ദീദി ദാമോദരന്‍ പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും നിയമമന്ത്രി പി രാജീവും നിലപാട് വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നാലാം തിയതി നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയിലെ എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് ആവര്‍ത്തിച്ചു. ഡബ്ലിയുസിസി അംഗങ്ങള്‍ തന്നെ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തന്നെയാണ് ആവശ്യമെന്ന് ഡബ്ലിയുസിസി അംഗം ദീദി ദാമോദരന്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ മേയ് നാലിന് തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

Vijay Babu : വിജയ് ബാബു വിഷയം; മാല പാര്‍വതിക്ക് പിന്നാലെ കുക്കുവും ശ്വേതയും രാജിവച്ചേക്കും

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ (Vijay Babu) നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി ( mala parvathi ) രാജിവച്ചതിന് പിന്നാലെ കുക്കു പരമേശ്വരനും ( kukku parameswaran ) ശ്വേതാ മേനോനും ( swetha menon) രാജി വച്ചേക്കും.

പാര്‍വതിക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തുകയായിരുന്നു. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണെന്നും  പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.

‘തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു’ എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചത്. ഈ വാര്‍ത്താക്കുറിപ്പില്‍ കടുത്ത വിയോജിപ്പുണ്ടെന്ന് മാലാ പാര്‍വതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതയും കുക്കുവും രാജി സന്നദ്ധത അറിയിച്ചത്.

വിജയ്ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെയാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഇതിന് മുമ്പ് തന്നെ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ല് യോഗം ചേര്‍ന്ന് വിജയ് ബാബുവിനെതിരെ അമ്മക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് വിജയ് ബാബുവിന്റെ കത്ത് ലഭിച്ചത്. ഇത് മാത്രമാണ് അമ്മ പരിഗണിച്ചതെന്ന് മാലാ പാര്‍വതി പറഞ്ഞു. നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News