പ്രോജക്ട് 75-ൽ സഹകരിക്കില്ലെന്ന് ഫ്രാൻസ്. ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയാണ് പ്രോജക്ട് 75. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയായ പ്രോജക്ട് 75ൽ ഭാഗമാകില്ലെന്ന് ഫാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്.
ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോയെ പാരിസിൽ നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണു നേവൽ ഗ്രൂപ്പ് കമ്പനിയുടെ നിലപാടെന്നതും ശ്രദ്ധേയം. അത്യാധുനിക അന്തർവാഹിനികൾ തദ്ദേശീയമായി നിർമിച്ചു നാവികസേനയെ ശക്തിപ്പെടുത്തുകയാണു പ്രൊജക്ട്-75 ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ പ്രൊജക്ട്-75ന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്വകാര്യ കമ്പനിയായ ലാർസൻ ആൻഡ് ടർബോ, സർക്കാർ സ്ഥാപനമായ മസഗാവ് ഡോക്സ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികൾക്ക് തന്ത്രപ്രധാന പങ്കാളികൾ 43,000 കോടി രൂപയുടെ കരാർ അനുവദിച്ച സർക്കാർ, നിർദേശക അപേക്ഷ സമർപ്പിക്കാനും നിര്ദേശിച്ചിരുന്നു.
ചുരുക്കപ്പട്ടികയിലുൾപ്പെട്ട 5 വിദേശ കമ്പനികളുമായി ഇന്ത്യൻ കമ്പനികൾ സഹകരിച്ചാണു പ്രവർത്തിക്കേണ്ടത്. ജർമനി, സ്പെയ്ൻ, ഫാൻസ്, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലെ കമ്പനികളാണിവ. എന്നാൽ ഇപ്പോഴത്തെ നിലപാട് ഇന്ത്യക്ക് തിരിച്ചടി ആയേക്കും. എന്തായാലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഇക്കാര്യവും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.