Shigella: ഷിഗെല്ല; കൂടുതൽ സാമ്പിളുകൾ പരിശോധനക്കയച്ചു; കടകളിൽ രാത്രികാല പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോർജ്

കാസർഗോഡ് മൂന്ന് പേർക്ക് ഷിഗെല്ല(shigella) ബാധിച്ച സംഭവത്തിൽ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്(veena george). ഇവരുടെ ഫലം വരാനുണ്ടെന്നും ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടകളിൽ രാത്രികാല പരിശോധന ശക്തമാക്കുo. ഭക്ഷണത്തിൽ മായം ചേർത്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർഗോഡ് ജില്ലയിൽ നാലു പേർക്കാണ് ഷിഗെല്ലയുടെ(shigella) ലക്ഷണങ്ങളുള്ളതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രാഥമിക പരിശോധനയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആഹാരത്തിൽ നിന്നാണ് ഷിഗെല്ല ബാധയുണ്ടായതെന്നും മന്ത്രി പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആരുടെയും നില ഗുരുതരമല്ല. ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും കുട്ടികൾ കഴിച്ച ഷവർമയിൽ ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗെല്ല ബാക്റ്റീരിയയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി അറിയിച്ചു.

ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾബാറിൽ ഷവർമ്മ നിർമ്മിച്ചിരുന്നത് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here