മൂന്ന് ലക്ഷം അമ്മമാര്‍ക്ക് ‘ലിറ്റില്‍ കൈറ്റ്‌സ് ‘യൂണിറ്റുകള്‍ വഴി മെയ് 7 മുതല്‍ സൈബര്‍ സുരക്ഷാ പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ചപൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. രണ്ടായിരത്തോളം ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകള്‍ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് മുപ്പതുപേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് 7 മുതല്‍ 20 വരെ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു സെഷനുകള്‍ ഉള്‍പ്പെടെ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരിശീലനങ്ങള്‍ക്ക്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷന്‍. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ ‘രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും’ എന്ന ഭാഗവും ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യാജവാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന ‘വാര്‍ത്തകളുടെ കാണാലോകം’ (ഫേക്ക് ന്യൂസ് തിരിച്ചറിയല്‍, ഫാക്ട് ചെക്കിംഗ്.) ആണ് മൂന്നാം സെഷന്‍. ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇന്റര്‍നെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകള്‍ തീരുന്നത്.

പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും നേതൃത്വം നല്‍കും. പരിശീലന പരിപാടിക്കായി 4000 അധ്യാപകരും 8000 കുട്ടികളും ഉള്‍പ്പെടുന്ന പന്ത്രണ്ടായിരത്തിലധികം പരിശീലകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായതായി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരിശീലനം ലഭിക്കുന്നതിന് അതത് ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷയുടെ പ്രാധാന്യതയെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്താനാണ് പരിശീലനം.

ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, സൈബര്‍ഡോം തലവന്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍14 ജില്ലകളിലേയും പരിശീലന കേന്ദ്രങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തത്സമയം ബന്ധിപ്പിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News