KT Jaleel: “പച്ച കലർന്ന ചുവപ്പ്”: കണ്ണും കാതും തുറന്നുവച്ച് പിന്നിട്ട അരനൂറ്റാണ്ട് ജനസമക്ഷം സമർപ്പിക്കുന്നു: കെ ടി ജലീൽ എംഎൽഎ

മെയ് ആറ് മുതൽ “ദി ന്യുഇന്ത്യൻ എക്സ്പ്രസ്സ്” ഇംഗ്ലീഷ് പത്രഗ്രൂപ്പ് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന സമകാലിക “മലയാളം” ആഴ്ചപ്പതിപ്പിലൂടെ താൻ പിന്നിട്ട അരനൂറ്റാണ്ട് ജനസമക്ഷം സമർപ്പിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ.

കണ്ടുമുട്ടിയ വ്യക്തികളും കേട്ട വർത്തമാനങ്ങളും സഞ്ചരിച്ച വഴികളിൽ നിന്ന് പെറുക്കി എടുത്തതും വായിച്ച അറിവുകളും പകർന്ന് നൽകാനുള്ള എളിയ ശ്രമമാണിതെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

“പച്ച കലർന്ന ചുവപ്പ്” മെയ് ആറിന് അക്ഷരക്കൂട്ടങ്ങളായ് വായനക്കാരുടെ കൺവെട്ടത്തെത്തും. കണ്ണും കാതും തുറന്ന് വെച്ച് പിന്നിട്ട അരനൂറ്റാണ്ട് ഒപ്പിയെടുത്ത് ജനസമക്ഷം സമർപ്പിക്കുന്നു. കണ്ടുമുട്ടിയ വ്യക്തികളും കേട്ട വർത്തമാനങ്ങളും സഞ്ചരിച്ച വഴികളിൽ നിന്ന് പെറുക്കി എടുത്തതും വായിച്ച അറിവുകളും പകർന്ന് നൽകാനുള്ള എളിയ ശ്രമം.

സത്യസന്ധമായാണ് എല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. ഞാനുമായി അകന്ന ബന്ധമുള്ളവർ പോലും ഈ കഥയുടെ നേർ സാക്ഷികളാണ്. അതുകൊണ്ടു തന്നെ ഇല്ലാത്തത് പറയാനോ കെട്ടിക്കൂട്ടി അവതരിപ്പിക്കാനോ കഴിയില്ല.

ഭൂതവും വർത്തമാനവും സന്ധിക്കുന്ന നിരവധി മുഹൂർത്തങ്ങൾ. രാഷട്രീയം, മതം, വിശ്വാസം, സമൂഹം എല്ലാം അപഗ്രഥന വിധേയമാകുന്നു. ഇതെൻ്റെ കഥയല്ല. നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതമാണ്. നുട്ട് ഹാംസൻ്റെ “വിക്ടോറിയ” ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലാത്ത വൈക്കം മുഹമ്മദ് ബഷീർ ആ കഥയോട് വിദൂര സാമ്യത ആരോപിക്കപ്പെട്ട “ബാല്യകാലസഖി” എഴുതി. മനുഷ്യൻ്റെ വികാരങ്ങളും വിചാരങ്ങളും ചിന്തകളും ലോകത്തെവിടെയായാലും ഒരുപാട് സമാനതകൾ നിറഞ്ഞതാണ്.

“പച്ച കലർന്ന ചുവപ്പിൽ” നായകനും നായികയുമില്ല. നായകൻമാരും നായികമാരുമേയുള്ളൂ. ഞാൻ അകലെ നിന്ന് നോക്കിക്കണ്ടവരും അടുത്തിടപഴകിയവരും എൻ്റെ ദൃഷ്ടിപഥത്തിലൂടെ കടന്ന് പോയവരുമാകും ഇതിവൃത്തത്തിലെ കഥാപാത്രങ്ങൾ.

മെയ് ആറ് മുതൽ “ദി ന്യുഇന്ത്യൻ എക്സ്പ്രസ്സ്” ഇംഗ്ലീഷ് പത്രഗ്രൂപ്പ് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന സമകാലിക “മലയാളം” ആഴ്ചപ്പതിപ്പിൽ ‘അരനൂറ്റാണ്ടിൻ്റെ കഥ’ വെളിച്ചം കണ്ട് തുടങ്ങും. ഏതാണ്ട് അറുപത് ലക്കങ്ങളിൽ 60 അദ്ധ്യായങ്ങളായാണ് ‘അൻപത് വർഷത്തെ നേർക്കാഴ്ച’ നിങ്ങളുടെ കൈകളിൽ എത്തുക.

വായന ആഗ്രഹിക്കുന്ന വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഓൺലൈൻ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. ഇമേജായി കൊടുത്തിട്ടുള്ള “മലയാളം” വീക്ക്ലിയുടെ പരസ്യത്തിൽ വിശദ വിവരങ്ങളുണ്ട്.

മെയ് ആറിന് വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ലക്കത്തിൽ ജീവിത യാത്രയുടെ ഉള്ളടക്കം സമഗ്രമായി ചർച്ച ചെയ്യുന്ന അഭിമുഖവും ഉൾകൊള്ളിച്ചിട്ടുണ്ട്. താൽപര്യമില്ലാത്തവർ ഈ പോസ്റ്റ് കണ്ടില്ലെന്ന് വെക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News