
മീഡിയവണ്‍(media one) സംപ്രേഷണവിലക്ക് ചോദ്യംചെയ്തുള്ള ഹർജികളില്‍ വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി(supreme court). ഓഗസ്റ്റ് ആദ്യവാരം വാദം കേള്‍ക്കും. മറുപടി നല്‍കാന്‍ കേന്ദ്രസർക്കാറിന് നാലാഴ്ച കൂടി സമയം അനുവദിച്ചു.
കേന്ദ്രത്തിന് ഇനിയും സമയം നീട്ടി നല്‍കരുതെന്ന മീഡിയവണ്‍ വാദം കോടതി അംഗീകരിച്ചു. സത്യവാങ്മൂലം സമർപ്പിക്കാന്‍ സുപ്രീംകോടതി നേരത്തേ രണ്ട് തവണ കേന്ദ്രത്തിന് സമയം നീട്ടിനല്‍കിയിരുന്നു.
സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സംപ്രേഷണം വിലക്കിയതിനെതിരെ മൂന്നാഴ്ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നെങ്കിലും രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും നാലാഴ്ചകൂടി സമയം അനുവദിച്ചിരിക്കുകയാണ്.
മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് മീഡിയവണ്ണിനായി ഹാജരാകുന്നത്. സംപ്രേഷണ വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുന:രാരംഭിച്ചിരുന്നു.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 15-നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here