Unemployment : വിലക്കയറ്റത്തോടൊപ്പം രാജ്യത്ത്‌ അതിരൂക്ഷമായ തൊഴിലില്ലായ്‌‌മയും

രാജ്യത്ത്‌ വിലക്കയറ്റത്തോടൊപ്പം അതിരൂക്ഷമായ തൊഴിലില്ലായ്‌‌മയും. തൊഴിലില്ലായ്‌‌മാ നിരക്ക് ഏപ്രിലിൽ 7.83 ശതമാനത്തിലേക്ക്‌ ഉയർന്നു. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഇഐ) കണക്കുകൾ പ്രകാരം മാർച്ചിൽ 7.6 ശതമാനമായിരുന്നു തൊഴിലില്ലായ്‌മാ നിരക്ക്‌.

നഗരങ്ങളിൽ തൊഴിലില്ലായ്‌മാ നിരക്ക്‌ മാർച്ചിലെ 8.28 ശതമാനത്തിൽ നിന്ന്‌ 9.22 ശതമാനമായി ഉയർന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ 7.29 ശതമാനത്തിൽ നിന്ന്‌ 7.18 ശതമാനമായി കുറഞ്ഞു.

ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മാ നിരക്ക്‌ ഹരിയാനയിലാണ്‌–- 34.5 ശതമാനം. രാജസ്ഥാനിൽ 28.8 ഉം, ബീഹാറിൽ 21.2 ഉം ഡൽഹിയിൽ 11.2 ഉം ശതമാനമാണ്‌ തൊഴിലില്ലായ്‌മാ നിരക്ക്‌. തൊഴിലില്ലായ്‌മാ നിരക്കിനൊപ്പം പുതിയ ഇപിഎഫ്‌ വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായി.

ജനുവരിയിൽ 11.14 ലക്ഷം പുതിയ ഇപിഎഫ്‌ വരിക്കാരുണ്ടായിരുന്നത്‌ ഫെബ്രുവരിയിൽ 9.34 ലക്ഷമായി കുറഞ്ഞു. ഇന്ത്യയിൽ നിയമപ്രകാരം തൊഴിലെടുക്കാവുന്ന 90 കോടി പേരിൽ പകുതിയിലേറെയും തൊഴിൽ കിട്ടാത്തതിൽ നിരാശരായി തൊഴിലന്വേഷണം അവസാനിപ്പിച്ചതായി സിഎംഇഐ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ പങ്കാളിത്ത നിരക്കാകട്ടെ 46 ശതമാനത്തിൽ നിന്നും നാൽപ്പത്‌ ശതമാനമായി കുറഞ്ഞു.

തൊഴിലില്ലായ്‌മ കൂടിയതിനൊപ്പം വിലക്കയറ്റവും രൂക്ഷമാവുകയാണ്‌. മാർച്ചിൽ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 6.91 ശതമാനത്തിലേക്ക്‌ ഉയർന്നിരുന്നു. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 7.68 ശതമാനമാണ്‌.

RBI: റിപ്പോ നിരക്ക് വർധിപ്പിച്ച് ആർബിഐ

റിപ്പോ നിരക്ക് (repo rate) വർധിപ്പിച്ച് ആർബിഐ (RBI). റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് പ്രസ്താവന പുറത്തിറക്കിയത്. റിപ്പോ നിരക്ക് 40ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയർത്തിയത്. ആർ‌ബി‌ഐയുടെ റിപ്പോ നിരക്ക് 2020 മെയ് മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതുവരെ 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്.

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു. യോഗത്തിൽ പണനയ സമിതി ഐക്യകണ്ഠേന നിരക്ക് ഉയർത്താൻ അഭിപ്രായപ്പെടുകയായിരുന്നു.  പുതുക്കിയ നിരക്കുകൾ ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ഗവർണർ അറിയിച്ചു.

2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനമായി തുടരുകയായിരുന്നു. പണപ്പെരുപ്പ നിരക്കിലെ വര്‍ധന, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel