G R Anil : ഉപഭോക്താക്കള്‍ക്ക് സമയബന്ധിതമായി നീതി നടപ്പാക്കും: മന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസു
കള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ ( G R Anil ). സംസ്ഥാനതല മീഡിയേഷന്‍ സെല്ലിന്റേയും, സൗജന്യ നിയമസഹായകേന്ദ്രത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണെങ്കിലും നമ്മുടെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. കേസുകളുടെ ബാഹുല്യവും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും കേസുകള്‍ യഥാസമയം തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്.

ഇതുവഴി ഒരു ഉപഭോക്താവിനും അര്‍ഹതപ്പെട്ട നീതി നിഷേധിക്കാന്‍ പാടില്ല. വൈകി നല്‍കുന്ന നീതി, നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ഇതു പരിഹരിക്കുന്നതിനായി ഉപഭോക്തൃകാര്യ വകുപ്പ് മീഡിയേഷന്‍ സെല്ലുകള്‍ ആരംഭിക്കുകയാണ്.

മധ്യസ്ഥതയിലൂടെ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന കേസുകളില്‍ കോടതി നടപടിക്രമങ്ങള്‍ക്കായി സമയം നഷ്ടപ്പെടുത്താതെ ഉപഭോക്താക്കളുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന നിയമപരമായ ഒരു സംവിധാനമാണ് മീഡിയേഷന്‍ സെല്ലുകള്‍. മീഡിയേറ്ററുടെ സഹായത്തോടെ കക്ഷികള്‍ എത്തിച്ചേരുന്ന ഒത്തുതീര്‍പ്പിന് എല്ലാവിധ നിയമപരിരക്ഷയുമുണ്ട്.

ഇത്തരത്തില്‍ കോടതികളുടെ പുറത്ത് വച്ച് നടത്തുന്ന നിയമസാധുതയുള്ള ഒത്തുതീര്‍പ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായും വേഗത്തിലും നീതി നടപ്പിലാക്കുന്നതിനും സാധിക്കും.

ഉപഭോക്താക്കള്‍ക്കായി വകുപ്പ് നടപ്പിലാക്കുന്ന മറ്റൊരു നിയമസംവിധാനമാണ് സൗജന്യ നിയമസഹായകേന്ദ്രങ്ങള്‍. എല്ലാ ജില്ലകളിലും ഈ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അജ്ഞരായവര്‍ക്കും ഉപഭോക്തൃ ചൂഷണം നേരിട്ടിട്ടും എങ്ങനെ നിയമസഹായം തേടണം എന്നതില്‍ വ്യക്തതയില്ലാത്തവര്‍ക്കും സൗജന്യ നിയമസഹായ കേന്ദ്രങ്ങള്‍ സഹായകരമാവും.

അങ്ങനെ ക്രമേണ, ഉപഭോക്തൃ സംരക്ഷണരംഗത്ത് പടിപടിയായി മുന്നേറുന്നതിനും 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനും കേരളത്തിന് സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തില്‍ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ജയചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു.

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ സംസ്ഥാന പ്രസിഡന്റ് റിട്ട. ജസ്റ്റിസ് സുരേന്ദ്ര മോഹന്‍, ‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ ടി.പി. മൂസത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി. രാഖി രവികുമാര്‍, ഉപഭോക്തൃ കമ്മിഷന്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭക്ഷ്യ-ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡോ.ഡി.സജിത് ബാബു.ഐ.എ.എസ്. കൃതജ്ഞത രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here