മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാള്‍ മാര്‍ക്സ്(Karl Marx) ജനിച്ചിട്ട് ഇന്നേക്ക് 204 വര്‍ഷം. മനുഷ്യരാശി ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച മനുഷ്യ മോചന പോരാട്ടത്തിന്റെ പ്രോദ്ഘാടകന്റെ 204ാം ജന്മദിനം ലോകത്തെക്കൊണ്ട് പറയിക്കുന്നു മാര്‍ക്സായിരുന്നു ശരിയെന്നും ആ ആശയങ്ങള്‍ ഒരു അനിവാര്യതയാണെന്നും.
മാര്‍ക്സ് തന്റെ ചിന്താധാരകള്‍ മനുഷ്യരാശിക്ക് വിശദീകരിച്ചുകൊടുത്ത ആദ്യനാളുകളില്‍ അന്നത്തെ ബൂര്‍ഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു. ‘സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന മാര്‍ക്സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങള്‍ ഞെട്ടിവിറച്ചു.
ഇന്ന് സമകാലിക ലോകം മാര്‍ക്‌സിനെയും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തിയെയും കൂടുതല്‍ തിരിച്ചറിയുകയാണ്. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണെന്ന് ലോകം മനസിലാക്കിക്കഴിഞ്ഞു. മുതലാളിത്തം ലോകമാകെ വ്യാപിച്ച ഒരു മഹാമാരിക്കുമുന്നില്‍ പതറിനില്‍ക്കുമ്പോള്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്‍പറ്റുന്ന ശരിയുടെ ഇടങ്ങള്‍ അതിജീവനത്തിന്റെയും പരസ്പര സ്നേഹത്തിന്റെ കരുതലിന്റെയും മാതൃകകള്‍ ലോകത്തിന് മുന്നിലേക്ക് വയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.
ജര്‍മനിയിലെ മോസേല്‍ നദിയുടെ തീരത്തുള്ള ട്രിയര്‍ നഗരത്തിലാണ് കാള്‍മാര്‍ക്സ്(Karl Marx) ജനിച്ചത്. എട്ട് സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തിലെ മൂന്നാമനായിരുന്നു മാര്‍ക്‌സ്. അച്ഛന്‍ അഭിഭാഷകപ്രമുഖനായിരുന്ന ഹെന്റിച് മാര്‍ക്സ്. അമ്മ ഹെന്റീത്ത. പ്രാഥമികവിദ്യാഭ്യാസം ജന്മനഗരമായ ട്രയറില്‍.
ബോണ്‍, ബെര്‍ലിന്‍ സര്‍വകലാശാലകളിലെ വിദ്യാഭ്യാസത്തിനുശേഷം 1841 ഏപ്രില്‍ 15ന് ജേന സര്‍വകലാശാലയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചുവളര്‍ന്ന പ്രിയപ്പെട്ട കൂട്ടുകാരി ജെന്നി വോണ്‍ വെസ്റ്റഫാലനെയാണ് മാര്‍ക്സ് വിവാഹം കഴിച്ചത്. അതിസമ്പന്നമായ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു ജെന്നി. പ്രഷ്യയില്‍ അക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്നു ജെന്നിയുടെ ജ്യേഷ്ഠസഹോദരന്‍.
ജെന്നിയുടെ കുടുംബക്കാര്‍ക്ക് വിവാഹത്തോട് എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികം. ജന്മനാ തനിക്ക് ലഭിച്ച എല്ലാ സുഖവും സമ്പത്തും ത്യജിച്ച് ഭര്‍ത്താവിനെ അനുഗമിച്ച ജെന്നി ദരിദ്രരുടെയും കൂലിവേലക്കാരുടെയും ഉന്നമനത്തിനായി മാര്‍ക്സിനൊപ്പം തോളോടുതോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ച് വിപ്ലവകാരിയായി മാറി.
യൗവ്വനത്തില്‍ ജര്‍മനിയില്‍ നിന്ന് പാരീസിലെത്തിയ മാര്‍ക്സിന് കൂട്ടായി ഏംഗല്‍സിനെ കൂടെ കിട്ടിയതോടെ ലോകത്തിന്റെ ആശയഗതി നിശ്ചയിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറന്നു. 1848 ല്‍ പുറത്തിറങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മതാധിഷ്ടിതവും സ്വത്താധിഷ്ടവുമായ ലോകത്തിന് പുതിയൊരു വര്‍ഗത്തെ പരിചയപ്പെടുത്തി തൊഴിലാളി വര്‍ഗം 1867 ല്‍ പുറത്തിറങ്ങിയ മൂലധനം തൊഴിലാളികളാണ് ലോകത്തിന്റെ ശക്തിയെന്ന് പ്രഖ്യാപിച്ചു.
ലോകത്തെ ചുവപ്പിച്ച ആ പ്രഖ്യാനം മുതലാളിത്തത്തിന്റെ കോട്ടകള്‍ തകര്‍ത്തെറിഞ്ഞു. റഷ്യയിലും ചൈനയിലും കിഴക്കന്‍ യൂറോപ്പിലും നമ്മുടെ കൊച്ചു കേരളത്തിലും അതിന്റെ അലയൊലികള്‍ വിപ്ലവം ശൃഷ്ടിച്ചു. പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മോചനം മെച്ചപ്പെട്ട കൂലി, സ്വന്തമായി ഭൂമി സാമൂഹ്യ സുരക്ഷ എന്നിങ്ങനെ തൊഴിലാളി വര്‍ഗത്തിനുമേല്‍ അവകാശ ബോധവും കരുത്തും വളര്‍ത്തിയെടുത്തു ഈ ആശയം.
1847ല്‍ ബ്രസല്‍സിലെത്തിയ മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് ലീഗില്‍ അംഗങ്ങളായി. അവര്‍ ലീഗിന്റെ രണ്ടാം കോണ്‍ഗ്രസില്‍ പ്രധാന പങ്കുവഹിക്കുകയും 1848 ഫെബ്രുവരി 24ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് മാര്‍ക്സിന് വയസ്സ് 30. വര്‍ഗസമരത്തെക്കുറിച്ചും പുതിയ കമ്യൂണിസ്റ്റ് സമൂഹത്തിന്റെ പ്രപഞ്ചവീക്ഷണത്തെക്കുറിച്ചും പ്രതിഭാസമ്പന്നമായ തെളിച്ചത്തോടുകൂടി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരച്ചുകാട്ടി.
മാര്‍ക്സിനും കുടുംബത്തിനും കൊടും ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നതും ഓര്‍ക്കാതിരിക്കാനാകില്ല. ലണ്ടനില്‍ കഴിയവെ ഉള്ള ഭക്ഷണം മക്കള്‍ക്ക് നല്‍കുകയും വിശപ്പിലും കൊടും തണുപ്പിലും തളര്‍ന്നുവീഴുകയും ചെയ്ത മാര്‍ക്സിനെപ്പറ്റിയും മരിച്ച മക്കളുടെ മൃതദേഹം മറവ് ചെയ്യാനുള്ള പണത്തിന് കിടക്കയും ഓട്ടുപാത്രങ്ങളും വിറ്റകഥകളുമെല്ലാം ജെന്നി രേഖപ്പെടുത്തിയിട്ടുണ്ട്.
1864 സെപ്തംബര്‍ 28ന് ലണ്ടനില്‍ ചരിത്രപ്രസിദ്ധമായ ഒന്നാം ഇന്റര്‍നാഷണല്‍ സ്ഥാപിതമായി. മാര്‍ക്സായിരുന്നു ആ സംഘടനയുടെ ജീവന്‍. ഇന്റര്‍നാഷണലിലെ ആയാസകരമായ പ്രവര്‍ത്തനവും അതിനേക്കാള്‍ ആയാസകരമായ സൈദ്ധാന്തികപ്രവര്‍ത്തനവുംമൂലം മാര്‍ക്സിന്റെ ആരോഗ്യം തകര്‍ന്നു. അനാരോഗ്യത്താല്‍ ‘മൂലധനം’ അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല. ജെന്നിയുടെ ജീവന്‍ കവര്‍ന്ന രോഗം മാര്‍ക്സിന്റെ ആയുസ്സ് കുറച്ചു.
1881 ഡിസംബര്‍ രണ്ടിന് അവര്‍ അന്തരിച്ചു. അവര്‍ ജീവിച്ചതും മരിച്ചതും കമ്യൂണിസ്റ്റുകാരിയായും ഭൗതികവാദിയുമായിട്ടാണ്. ഭാര്യയുടെ മരണശേഷം മാര്‍ക്സിന്റെ ജീവിതം ക്ലേശങ്ങളുടെ പരമ്പരയുടേതായിരുന്നു. അദ്ദേഹം അവയെല്ലാം സധൈര്യം സഹിച്ചു. മൂത്തമകളുടെ മരണം അദ്ദേഹത്തെ കൂടുതല്‍ ദുഃഖത്തിലാക്കി. 1883 മാര്‍ച്ച് 14ന് അറുപത്തഞ്ചാം വയസ്സില്‍ അദ്ദേഹവും അന്തരിച്ചു.
കാള്‍മാര്‍ക്സിന്റെ ശവകുടീരത്തിനരികില്‍ എംഗല്‍സ് നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു. ”ഇന്ന് ലോകത്തില്‍ ജീവിച്ചിരിപ്പുള്ളവരില്‍ വച്ച് ഏറ്റവും മഹാനായ ചിന്തകന്‍ ചിന്തിക്കാതായി. അദ്ദേഹം എന്നന്നേക്കുമായി കണ്ണടച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട മൂര്‍ മരിച്ചു. ഇത് തൊഴിലാളിവര്‍ഗത്തിനും ചരിത്രശാസ്ത്രത്തിനും അളക്കാനാകാത്ത നഷ്ടമാണ്. മാര്‍ക്സിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ചരിത്രപരമായ ഒരു ചാലകശക്തിയാണ്. ഒരു വിപ്ലവശക്തിയാണ്. ശാസ്ത്രനേട്ടങ്ങളെയെല്ലാം അദ്ദേഹം അത്യാഹ്ലാദത്തോടെ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്തിരുന്നു.
നാടുകടത്താനും അപമാനിക്കാനും ബൂര്‍ഷ്വാസിയും ഗവണ്‍മെന്റും മത്സരിച്ചപ്പോള്‍ ഒരു ചിലന്തിവലയെ തൂത്തുകളയുന്ന ലാഘവത്തോടെ അതിനെയെല്ലാം അവഗണിച്ചു. ലക്ഷോപലക്ഷം സഹോദര തൊഴിലാളികളുടെ സ്നേഹാദരങ്ങള്‍ ആര്‍ജിച്ച മാര്‍ക്സ് അവരെ ശോകാര്‍ദ്രരാക്കിക്കൊണ്ട് വിട്ടുപിരിഞ്ഞു. എതിരാളികള്‍ അനേകം ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി ഒരാള്‍പോലും അദ്ദേഹത്തെ എതിര്‍ത്തിരുന്നില്ല.
അദ്ദേഹത്തിന്റെ നാമവും കൃതികളും ചിരകാലം ജീവിക്കും”. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ ഭാര്യയുടെ തൊട്ടടുത്തായി അദ്ദേഹത്തെയും അടക്കം ചെയ്തിരിക്കുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും ജ്വലിക്കുന്ന പ്രതീകമാണ് മാര്‍ക്സ്. മാനവരാശിയുടെ ചരിത്രത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകാര്യത ലഭിക്കുകയുംചെയ്ത മറ്റൊരു ദാര്‍ശനികന്‍ ഇല്ലതന്നെ. മാര്‍ക്‌സിസം അജയ്യമാണ്. ഈ തത്വശാസ്ത്രത്തിന്റെ പ്രസക്തി എക്കാലവും നിലനില്‍ക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.