
കൊല്ലം കുണ്ടറ വെള്ളിമണിൽ കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം 14മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു.എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് കിണറിടിഞ്ഞ് അകപ്പെട്ടത്.കിണർ വൃത്തിയാക്കാൻ ഇറങ്ങവേ കിണറിടിഞ്ഞ് മണ്ണിടിഞ്ഞു വീണ് കിണറ്റിൽ അകപ്പെടുകയായിരുന്നു
സമാന്തരമായി മറ്റൊരു കിണർ കുഴിച്ച് ഇയ്യാളെ പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു . ബുധനാഴ്ച വൈകിട്ട് 5.30ന് ചെറുകുളത്തെ രാധാദേവിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. മൂന്നു തൊഴിലാളികളിൽ ഗിരീഷ്‌കുമാർ മാത്രമാണ് കിണറ്റിൽ ഇറങ്ങിയത്. മോട്ടോറിന്റെ പൈപ്പ് ശരിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
തൊഴിലാളികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. മണ്ണ് മൂടിക്കിടന്നതിനാലും ഇടുങ്ങിയ കിണറായതിനാലും രക്ഷാപ്രവർത്തനം ദുഷ്‌കരമായി. പൊലീസും കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽനിന്നായി രണ്ടുവീതം ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. വായുസഞ്ചാരമില്ലാത്ത കിണറായതിനാൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമാന്തരമായി മറ്റൊരു കിണർ കുഴിച്ച് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു.
100 വർഷത്തിലേറെ പഴക്കമുള്ള കിണറിന് 20 തൊടിയുണ്ട്. കുറച്ച് ഭാഗം മാത്രമാണ് തൊടി ഇറക്കിയിട്ടുള്ളത്. മറ്റ് ഭാഗം കല്ലുകെട്ടിയതാണ്. അതാണ് കൂടുതൽ മണ്ണിടിയാൻ കാരണം. കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗിരീഷ്‌കുമാർ അടുത്തിടെയാണ് ഭാര്യയുടെ സഹോദരനൊപ്പം കിണർ ജോലിക്ക് പോയിത്തുടങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here