പീഡനക്കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് ഇൻ്റർപോളിൻ്റെ സഹായം തേടും. ഇൻ്റർപോളിനെക്കൊണ്ട് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഒളിവിൽ കഴിയുന്ന ഇടം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായി പോലീസ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. അതേ സമയം വിജയ് ബാബുവിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ചിൻ്റെ പ്രത്യേക വിഭാഗം അന്വേഷണം തുടങ്ങി.
ഉടൻ ഹാജരാകണമെന്ന പോലീസ് നിർദേശം വിജയ് ബാബു തള്ളിയതോടെയാണ് പോലീസ് ഇൻ്റർപോളിൻ്റെ സഹായം തേടുന്നത്.ഇൻ്റർപോളിനെക്കൊണ്ട് ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി വിദേശത്തുള്ള വിജയ് ബാബുവിൻ്റെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇൻ്റർപോൾ സഹായം തേടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തെ പോലീസ് നേരത്തെ സമീപിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഭാഗത്തു നിന്നുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു. ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഏത് വിദേശ രാജ്യത്താണെങ്കിലും പോലീസിന് കണ്ടെത്താൻ കഴിയും. മാത്രമല്ല കേസിൻ്റെ തീവ്രതയനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യാനും അതാതിടത്തെ പോലീസിന് സാധിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് പോലീസ് വിജയ് ബാബുവിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഈ മാസം 19 വരെ സാവകാശം നൽകണമെന്നായിരുന്നു വിജയ് ബാബുവിൻ്റെ മറുപടി.എന്നാൽ വിജയ് ബാബുവിൻ്റെ മറുപടി തളളിയ പോലീസ് ഉടൻ ഹാജരാകണമെന്ന് വീണ്ടും നിർദേശിക്കുകയായിരുന്നു.ഇതിനിടെ വിജയ് ബാബുവിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ചിൻ്റെ പ്രത്യേക വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കണക്കിൽപ്പെടാത്ത പണം സിനിമാരംഗത്ത് ചെലവഴിച്ചുവെന്ന വിവരത്തെത്തുടർന്നാണ് അന്വേഷണം. അതേ സമയം വിജയ് ബാബുവിൽ നിന്നും പീഡനം നേരിട്ടുവെന്നാരോപിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ട യുവതിയെ കണ്ടെത്താൻ പോലീസ് ശ്രമിച്ചെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.
പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് ഇതിനകം 50 പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.