ADVERTISEMENT
തൃശൂർ പൂരത്തിന് ( Thrissur Pooram) സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ( Muhammed Riyas ). അതിൻ്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് ധനസഹായമായി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പുരത്തിൻ്റെ ഭാഗമായി നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ശ്രദ്ധ ആകർഷിച്ച പൂരമാണ് തൃശൂർ പൂരം. അതു കൊണ്ടു തന്നെ ടൂറിസം സാധ്യതകളും വലുതാണ്. ഈ സാഹചര്യത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് പൂരത്തിനായി വിതരണം ചെയ്തത്.
പുരത്തോടനുബന്ധിച്ച് പൊതുമരാമത്തിൻ്റെ റോഡുകളിലെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. അതേ സമയം വെടിക്കെട്ട് കാണാൻ കൂടുതപേർക്ക് അവസരമൊരുക്കുമെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കി. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പെസേയുടെ പ്രതിനിധികളോട് തൃശൂരിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
കാത്തിരിപ്പിന് വിരാമം ; തൃശൂർ പൂരത്തിന് കൊടിയേറി
കാത്തിരിപ്പിനൊടുവിൽ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വർണഘോഷങ്ങൾ നിറയ്‌ക്കുന്ന പൂരത്തിന്റെ കൊടിയേറ്റം ആഹ്ലാദാരവ നിറവിൽ ബുധനാഴ്‌ച പകലാണ് നടന്നത്. പൂരത്തിന്റെ മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ദേശക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. കോവിഡ് അടച്ചുപൂട്ടലിനെത്തുടർന്ന് 2021ൽ പൂർണമായും 2022ൽ കേവലം ചടങ്ങുമാത്രമായും പൂരം ചുരുക്കിയശേഷം, ആഘോഷമായുള്ള പൂരത്തിനാണ് ഇക്കുറി കൊടിയേറിയത്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. ആലിലയും മാവിലയും ദർഭയും കൊണ്ടലങ്കരിച്ച ചെത്തിമിനുക്കിയ കവുങ്ങുമരത്തിന്റെ കൊടിമരം ആർപ്പുവിളിയോടെ ദേശക്കാർ ചേർന്ന് ഉയർത്തിയതോടെ, നഗരം പൂരാവേശത്തിലേക്ക് കടന്നു. രാവിലെ പത്തോടെ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ സതീഷ് മേനോൻ, സെക്രട്ടറി ജി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം.
ചെമ്പിൽ കുട്ടൻ ആശാരിയാണ് കൊടിമരം ഒരുക്കിയത്. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിനുമുന്നിൽ അഞ്ചാനപ്പുറത്ത് പുറത്തേക്കെഴുന്നള്ളിപ്പും പെരുവനം കുട്ടൻമാരാരുടെ പ്രാമാണികത്വത്തിൽ നൂറോളം വാദ്യക്കാരുടെ മേളവും ഉണ്ടായി. കൊക്കൊർണിയിൽ ആറാട്ടോടെ പിരിഞ്ഞു. പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും പൂരക്കൊടി ഉയർത്തി.
തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം രാവിലെ 10.30ഓടെ നടന്നു. താഴത്തുപുരയ്‌ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ ഒരുക്കിയ കൊടിമരം ആർപ്പുവിളിയോടെ ദേശക്കാർ ഉയർത്തി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി രാധാകൃഷ്‌ണൻ, സെക്രട്ടറി സി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള തട്ടകത്തുകാരാണ് കൊടിയേറ്റിയത്.
ഉച്ചയ്ക്കുശേഷം തിരുവമ്പാടിയുടെ പന്തലുകളായ നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികളുയർന്നു. തിരുവമ്പാടിക്കാർ പുറത്തേക്കെഴുന്നള്ളി വടക്കുന്നാഥക്ഷേത്രത്തിൽ പ്രവേശിച്ചു. തുടർന്ന് തെക്കേ സമൂഹമഠത്തിൽ ആറാട്ടിനുശേഷം വൈകിട്ടോടെ തിരുവമ്പാടി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് സമാപിച്ചു.
പൂരത്തിന്റെ ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ കാർത്യായനി, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, നെയ്‌തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടത്തി.
പൂരം കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള മിനിവെടിക്കെട്ടും ഉണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നടക്കുന്ന പുരക്കൊടിയേറ്റം കാണാൻ ആയിരക്കണക്കിനുപേർ തൃശൂർ നഗരത്തിൽ തടിച്ചുകൂടിയിരുന്നു. മെയ് 10നാണ് തൃശൂർ പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ടും ചമയപ്രദർശനവും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.