KSRTC : കെ എസ് ആർ ടി സിയിൽ പണിമുടക്കിയാൽ ഡയസ്നോൺ

പണിമുടക്ക് നേരിടാൻ ശക്തമായ നടപടികളുമായി കെ എസ് ആർ ടി സി (KSRTC) മാനേജ്മെന്റ്. അനധികൃതമായി അവധിയെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കാൻ തീരുമാനം. ഇവരുടെ ശമ്പളം തിരികെ പിടിക്കും. മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജീവനക്കാർക്ക് അവധി നൽകിയാൽ മതിയെന്നും എം ഡി നിർദേശം നൽകി.

ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അനധികൃതമായി ജോലിക്ക് എത്താത്ത ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കാൻ തീരുമാനിച്ചത്. ഇവരുടെ ശമ്പളം തിരിച്ചു പിടിക്കും. ഇതു സംബന്ധിച്ച നിർദ്ദേശം എംഡി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നൽകി.

11 ഇന നിർദേശങ്ങളാണ് സിഎംഡി നൽകിയിരിക്കുന്നത്. സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജീവനക്കാർക്ക് അവധി അനുവദിച്ചാൽ മതിയെന്ന നിർദ്ദേശവുമുണ്ട്.

കെ എസ് ആർ ടി സി യിൽ പ്രവർത്തിക്കുന്ന ക്യാൻറീൻ തുറന്ന് പ്രവർത്തിക്കണം. ഇല്ലെങ്കിൽ ക്യാൻറീൻ ലൈസൻസ് റദ്ദാക്കുകയും ഉടമയെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യും. ജോലിക്കെത്തിയവരുടെയും എത്താത്തവരുടേയും കണക്കുകളും ഷെഡ്യൂളുകളുടെ എണ്ണവും ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ രാവിലെ 11 നു മുൻപ് അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടാക്കിയാൽ അക്കാര്യവും അറിയിക്കണം.

ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സർവീസുകൾ ഉറപ്പുവരുത്തുകയാണ് എംഡി തൻറെ നിർദേശങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

കെഎസ്ആർടിസി ശമ്പള വിതരണം ഈമാസം 10 നെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും പണിമുടക്കുമായി പ്രതിപക്ഷ സംഘടനകൾ. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ പങ്കെടുക്കില്ലെന്ന് കെഎസ്ആർടിസിഇഎ വ്യക്തമാക്കി. സർക്കാർ വാക്കിൽ വിശ്വാസമെന്നും നേതാക്കൾ. ചർച്ചയിൽ വ്യവസ്ഥ അംഗീകരിച്ച ബിഎംഎസ് സമരം പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി ആന്‍റണി രാജു.

കെഎസ്ആർടിസി ശമ്പള വിതരണം പത്തിന് പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടും പ്രതിപക്ഷ സംഘടനകൾ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചത്. ചർച്ചയിൽ ശമ്പളം 10 ന് എന്ന വ്യവസ്ഥ അംഗീകരിച്ച ബിഎംഎസ് നേതാക്കൾ യോ​ഗ ശേഷം നിലപാട് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഗതാഗത മന്ത്രി രാജു പറഞ്ഞു.

യാത്രക്കാരെ വെല്ലുവിളിക്കുന്ന നിലപാടുമായി മുന്നോട്ടു പോകില്ലെന്ന് കെ എസ് ആർ ടി സി ഇ എ നേതാക്കൾ വ്യക്തമാക്കി. സമരത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകളുടെ പണിമുടക്കു സമരം ഇന്ന് അർധരാത്രി മുതലാണ് ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here