സോഷ്യല്‍ മീഡിയയില്‍ തരംഗമായി തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. നിരവധി പേരാണ് ഫേസ്‌ബുക്കടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ADVERTISEMENT
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തന മികവും ഒപ്പം രാഷ്ട്രീയ കാര്യങ്ങളിലെ നിലപാടും സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാന്‍ മനുഷ്യസ്‌നേഹത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ഹൃദ്രോഗ ചികിത്സാരംഗത്തും അക്കാദമിക്ക് മേഖലയിലും മികവുറ്റ സംഭാവന നല്‍കിവരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്നറിഞ്ഞതില്‍ അതീവസന്തോഷമുണ്ടെന്ന് പ്രശസ്ത ന്യൂറോസര്‍ജനും ആരോഗ്യപ്രവര്‍ത്തകനുമായ ഡോ. ഇക്ബാല്‍ കുറിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ച 2013 മുതല്‍ തന്റെ ടീമിലുള്ള ഡോ. ജോ ജോസഫിന് എല്ലാ വിജയവും ആശംസിക്കുന്നതായി കേരളത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു തുടക്കമിട്ട ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
മികച്ച പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സമൂഹ നന്മയ്ക്ക് അത്യാവശ്യമാണെന്നും ഡോക്ടര്‍ ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തിനും തൃക്കാക്കരയ്ക്കും ഗുണകരമാകുമെന്നും ലിസി ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ റോമി മാത്യൂ വ്യക്തമാക്കി.
മന്ത്രി പി രാജീവ്, എളമരം കരീം എംപി, കെകെ ശൈലജ ടീച്ചര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് പ്രശംസയുമായി എത്തി. പോസ്റ്ററുകളും കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം തരംഗമാകുകയാണ്.
പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ ജോസഫ്, കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.
സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂര്‍വ്വം ഡോക്ടര്‍ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജോ ആന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.