ഡല്‍ഹിക്കു മുന്നില്‍ വീണ് ഹൈദരാബാദ്, തോല്‍വി 21 റണ്‍സിന്

ഡേവിഡ് വാര്‍ണറിന്റേയും റൊവ്മാന്‍ പവലിന്റേയും അര്‍ധസെഞ്വറിയുടെ ബലത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിക്കാനിറങ്ങിയത്. പൊരുതി നോക്കിയെങ്കിലും 186 റണ്‍സില്‍ ഹൈദരാബാദിന് കളി അവസാനിപ്പിക്കേണ്ടിവന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 21 റണ്‍സിന് കീഴടക്കിയതോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി. സ്‌കോര്‍- ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സ്. ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186.

ഡല്‍ഹി ഉയര്‍ത്തിയ വമ്പന്‍ സ്‌കോറിനെ പിന്തുടര്‍ന്ന ഹൈദരാബാദ് നിരയില്‍ 34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് പൊരുതിയത്. തുടക്കത്തില്‍ തന്നെ അഭിഷേക് ശര്‍മയും (6) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനേയും (4) ഹൈദരാബാദിനെ നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് രാഹുല്‍ ത്രിപാഠിയാണ് രക്ഷിച്ചത്. എന്നാല്‍ 18 പന്തില്‍ 22 റണ്‍സില്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷ് രാഹുലിനെ മടക്കിയതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലായി.

പിന്നീട് വന്ന ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ 25 പന്തില്‍ 42റണ്‍സില്‍ നില്‍ക്കെ മാര്‍ക്രത്തെ ഖലീല്‍ വീഴ്ത്തിയത് തിരിച്ചടിയായി. പിന്നീട് ഹൈദരാബാദിന്റെ വിജയപ്രതീക്ഷ പുരാനിലായിരുന്നു. 34 പന്തില്‍ 62 റണ്‍സടിച്ച പുരാന്‍ പൊരുതി നോക്കിയെങ്കിലും ഡല്‍ഹി ഉയര്‍ത്തിയ റണ്‍മല താണ്ടാനായില്ല.

ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് നാലോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 44 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആന്റിച്ച് നോര്‍ക്യ നാലോവറില്‍ 35 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ജയത്തോടെ 10 കളികളില്‍ പോയന്റുമായി പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഡല്‍ഹി ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. 10 മത്സരങ്ങളില്‍ 10 പോയന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. വാര്‍ണര്‍ 58 പന്തില്‍ റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ പവല്‍ 35 പന്തില്‍ 67 റണ്‍സെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here